ഉരച്ച് നോക്കിയാൽപ്പോലും മനസിലാകാത്ത വ്യാജ സ്വർണം; മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ വൻ സംഘം പിടിയിൽ

Wednesday 20 August 2025 11:53 AM IST

തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘം അറസ്റ്റിൽ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഈ മാസം 14ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് പ്രതികളെ പിടികൂടിയത്. വഴയില സ്വദേശി പ്രതീഷ് കുമാർ, അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ജിത്തു എന്ന ഷെജിൻ എന്നിവരാണ് ആദ്യം പിടിയിലായത്.

തുടർന്ന് ഈ റാക്കറ്റിലെ കണ്ണികളെയും വ്യാജ സ്വർണം ഇവർക്ക് നൽകിയവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട തണ്ണിതോട് സ്വദേശികളായ സ്‌മിജു സണ്ണി, സണ്ണി എന്നിവരെയാണ് രണ്ടാമത് അറസ്റ്റ് ചെയ്‌തത്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് കേരളം മുഴുവൻ ഇത്തരത്തിൽ വ്യാജ സ്വർണം വിതരണം നടത്തിയിരുന്ന സംഘത്തിന്റെ തലവനായ അഖിൽ ക്ലീറ്റസിനെ ചാലക്കുടിയിൽ നിന്നും പിടികൂടിയത്.

ഉരച്ച് നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദ്ധമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. അഖിൽ ക്ലീറ്റസിനെതിരെ നേരത്തേ കൊലപാതക കേസും എൻഡിപിഎസ് കേസുകളും നിരവധി തട്ടിപ്പ് കേസുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സ്‌മിജു സണ്ണിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. വ്യാജ സ്വർണക്കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന സൂചന ലഭിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫറാഷിന്റെ നിർദേശപ്രകാരം കന്റോൺമെന്റ് എസിപി സ്റ്റുവെർട്ട് കീലറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ഉമേഷ്, സബ് ഇൻസ്‌പെക്‌ടർ ജഗൻ മോഹൻ ദത്തൻ, ഗ്രേഡ് എസ്‌ഐ മനോജ്, എസ്‌സിപിഒമാരായ അനീഷ്, അജിത്ത്, സിപിഒമാരായ അരുൺ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.