തൊലി കളയല്ലേ, അടിപൊളി ചായ ഉണ്ടാക്കാം; പൊണ്ണത്തടിയും പെട്ടെന്ന് കുറയും
ചായ എന്നാൽ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഒരു വികാരമാണ്. ദിവസം രണ്ടുനേരമെങ്കിലും ചായ കുടിക്കുന്നവരാണ് മലയാളികൾ. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും രോഗങ്ങൾ ഉള്ളപ്പോഴുമൊക്കെ ചായയെ കൂട്ടുപിടിക്കാറുണ്ട് മിക്കവരും. എന്നാൽ ഇതേ ചായ പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുമെന്നത് പലർക്കും അറിവുണ്ടായിരിക്കുകയില്ല. ഇതിന് വാഴപ്പഴം കൂടി ആവശ്യമായുണ്ട്.
ചായ തയ്യാറാക്കാൻ എടുക്കുന്ന വെള്ളത്തിൽ ഏത്തപ്പഴത്തിന്റെ തൊലിയോ മുഴുവൻ പഴമോ ഇട്ട് തിളപ്പിക്കണം. ഇനി ഈ വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചായ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ. പഴത്തൊലിയിലുള്ള ആന്റി ഓക്‌സിഡന്റുകൾ ആരോഗ്യത്തിന് മികച്ചതാണ്. അധികമായുള്ള കലോറി കത്തിച്ചുകളയാനും രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. പഴത്തിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാനും ഉത്തമമമാണ് ഈ ചായ. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിൽ നല്ല ബാക്‌ടീരിയകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പഴം സഹായിക്കുന്നു.
സ്‌പെഷ്യൽ മിൽക്ക് ടീ
ആദ്യം ചായപ്പാത്രം അടുപ്പിൽവച്ച് അര ഗ്ളാസ് വെള്ളമൊഴിച്ച് തിളയ്ക്കാൻ വയ്ക്കണം. ഇതിലേയ്ക്ക് രണ്ട് സ്‌പൂൺ തേയില ചേർത്ത് നന്നായി തിളപ്പിക്കണം. വെള്ളം പകുതിയാകുന്നതുവരെയാണ് ചായപ്പൊടി തിളപ്പിക്കേണ്ടത്. ഇതിനിടെ മറ്റൊരു പാത്രത്തിൽ ഒരു കപ്പ് പാൽ, കാൽക്കപ്പ് വെള്ളം, ഒന്നര ടേബിൾ സ്‌പൂൺ പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കണം. പാൽ തിളച്ചുകഴിഞ്ഞാൽ തീ അണയ്ക്കാം. ഇനി ചായ ഒഴിക്കാനുള്ള ഗ്ളാസ് എടുത്തുവയ്ക്കണം. ശേഷം തിളച്ച പാൽ ഒരു സ്‌പൂൺ ഉപയോഗിച്ച് നന്നായി ഇളക്കണം. ഇങ്ങനെ ലഭിക്കുന്ന പത ഗ്ളാസിന് അകത്ത് കുറച്ച് നിറയ്ക്കാം. ശേഷം പാൽ ചെറുതീയിൽ വയ്ക്കാം. അടുത്തതായി തേയില വെള്ളം അരിച്ച് ഗ്ളാസിലേയ്ക്ക് ഒഴിക്കാം. ഇതിനുപിന്നാലെ തിളച്ച പാൽ ഇതിനുമുകളിലായി ഒഴിക്കാം. പല ലെയറിലായി കാണപ്പെടുന്ന നല്ല വെറൈറ്റി ചായ റെഡിയായി.