ശ്രീകോവിലിന്റെ പൂട്ടുപൊളിച്ച് മോഷണം; വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാലുപവൻ മാലയും പണവും കവർന്നു

Wednesday 20 August 2025 12:28 PM IST

മൂന്നാ‌ർ: ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് പവൻ സ്വർണമാലയും പണവും കവ‌ർന്നു. മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റ് സെൻട്രൽ ഡിവിഷനിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം.

പൂട്ട് തകർത്ത് ക്ഷേത്രത്തിനകത്ത് കടന്ന മോഷ്‌ടാവ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാലുപവൻ സ്വർണമാലയ്‌ക്കൊപ്പം ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും കൈക്കലാക്കി. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പഴയകാല നാണയശേഖരവും കവർന്നു. നാല് ലക്ഷത്തിലധികം രൂപയുടെ നഷ്‌ടമുണ്ടായതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്നതായി കണ്ടത്. ക്ഷേത്രത്തിൽ സിസിടിവി ക്യാമറ സംവിധാനം ഉണ്ടായിരുന്നില്ല. സംഭവത്തിൽ ദേവികുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.