"ഏത് മതത്തിലാണോ ജനിച്ചത് അതിൽ അടിയുറച്ച് വിശ്വസിക്കുക, മതം വിട്ട് കളിക്കരുത്; അതിനുദാഹരണം മമ്മൂക്ക തന്നെയാണ്"

Wednesday 20 August 2025 12:53 PM IST

മരണം വരെ കൂടെയുണ്ടാകുക പ്രാർത്ഥനയും കാര്യങ്ങളുമായിരിക്കുമെന്ന് നടി തെസ്നി ഖാൻ. സെറ്റ് സാരിയുടുത്തും, ചട്ടയും മുണ്ടുമുടുത്തും പൊട്ടുതൊട്ടുമൊക്കെ അഭിനയിക്കും. പക്ഷേ മതത്തെ വിട്ട് കളിക്കരുതെന്നും അത് എപ്പോഴും മുറുകെപ്പിടിക്കണമെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തെസ്നി ഖാൻ.

'പ്രാർത്ഥനയും കാര്യങ്ങളും സ്ഥിരമായി ചെയ്തുകഴിഞ്ഞാൽ ആ ഒരു പ്ലസന്റ് ഉണ്ടാകും. അതിനുദാഹരണം മമ്മൂക്ക തന്നെയാണ്. അഞ്ച് നേരം നിസ്‌കാരം മുടക്കില്ല. ക്രിസ്ത്യനാണെങ്കിൽ പള്ളിയിൽ പോണം, പ്രാർത്ഥിക്കണം, കുമ്പസരിക്കണം. ഹിന്ദുക്കളാണെങ്കിൽ അമ്പലത്തിൽ പോണം, പ്രാർത്ഥിക്കണം. അങ്ങനെ അവരവരുടെ മതങ്ങളിൽ അവരവർ വിശ്വസിക്കണം. ഞാൻ മുസ്ലീമാണെങ്കിലും എല്ലാ മതത്തിലും വിശ്വസിക്കുന്ന ആളാണ്. നമ്മുടെ മതങ്ങളിലെ കാര്യങ്ങൾ മുറപോലെ നടത്തുന്നു. പക്ഷേ ഒരു ക്രിസ്ത്യൻ പള്ളിയിൽ പോയാലും വണങ്ങും. അമ്പലത്തിൽ പോയിക്കഴിഞ്ഞാലും നമ്മൾ ബഹുമാനിക്കണം. നിന്ദിക്കരുത് ഒരു കാര്യത്തിലും. എല്ലാത്തിലും ഒരു ശക്തിയുണ്ട്.

ഞാൻ കോൺവെന്റ് സ്‌കൂളിലാണ് പഠിച്ചത്. അവിടെ പള്ളിയിൽ പോകാറുണ്ട്. ഷൂട്ടിംഗിനായി അമ്പലത്തിൽ കയറിയിട്ടുണ്ട്. പ്രാർത്ഥിച്ചിട്ടുണ്ട്. മൂകാംബികയിലും ചോറ്റാനിക്കരയിലും പോകേണ്ടി വന്നിട്ടുണ്ട്. അവിടെയെല്ലാം പോസിറ്റീവ് വൈബ് ഉണ്ട്. എല്ലാത്തിലും ഒരു ശക്തിയുണ്ട്. എല്ലാ ശക്തികളിലും വിശ്വസിക്കുക. എന്നാൽ നമ്മൾ ഏത് മതത്തിലാണോ ജനിച്ചത് അതിൽ അടിയുറച്ച് വിശ്വസിക്കുക.'- തെസ്നി ഖാൻ വ്യക്തമാക്കി.