18ാം വയസിൽ പയറ്റിതെളിഞ്ഞ ബുള്ളറ്റ്, മോഹം സഫലമാകുന്നത് 22 വർഷത്തിനുശേഷം; ഉമ കാശ്‌മീരിലേയ്ക്ക്

Wednesday 20 August 2025 12:56 PM IST

കൊച്ചി: 18-ാം വയസിൽ 'ബുള്ളറ്റ്' എന്ന യന്ത്രക്കുതിരയെ മെരുക്കിയ എറണാകുളം സ്വദേശി ഉമ മഹേഷ് 22 വർഷത്തെ കാത്തിരിപ്പിനുശേഷം കാശ്മീരിലേക്കുള്ള സാഹസിക യാത്രയുടെ തയ്യാറെടുപ്പിലാണിപ്പോൾ. മൂന്നംഗ വനിതാസംഘത്തിൽ തിരുവനന്തപുരം സ്വദേശികളായ ഷൈനിയും നിഷി ഖാനുമുണ്ട്. 22ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിൽ നിന്നാണ് യാത്രയുടെ തുടക്കം. ലഹരിക്കെതിരെ മുദ്രാവാക്യമുയർത്തി എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന 50 ദിവസത്തെ ദൗത്യത്തിൽ പിന്നിടുന്നത് 20,000 കിലോമീറ്ററിലേറെയാണ്.

പരുക്കൻ പാതകളിൽ പെരുമഴയിലും മഞ്ഞിലുമെല്ലാം യാത്ര ചെയ്യണമെന്ന ഉമയുടെ മോഹമാണ് സഫലമാകുന്നത്. വലതുവശത്ത് ഗിയറുള്ള പരുക്കൻ ബുള്ളറ്റിൽ ഡ്രൈവിംഗ് പഠിപ്പിച്ച, ബി.എസ്.എൻ.എൽ എൻജിനീയറായിരുന്ന അച്ഛൻ ടി.എൻ. ഉണ്ണിക്കൃഷ്ണന്റെ ധൈര്യമാണ് അന്നും ഇന്നും ഉമയ്ക്ക് കരുത്ത്.

പെൺകുട്ടികൾ അപൂർവമായി ബൈക്ക് ഓടിച്ചിരുന്ന കാലത്താണ് എൻഫീൽഡിൽ പയറ്റിത്തെളിഞ്ഞതെങ്കിലും അമ്മ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയായ രോഹിണിക്കും ബന്ധുക്കൾക്കും പേടിയായിരുന്നതിൽ കൊതിതീരെ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾ കഴിയുംതോറും ബുള്ളറ്റിനോട് ഇഷ്ടം കൂടിവന്നു. അങ്ങനെ ഒരു വർഷം മുൻപ് ബുള്ളറ്റിന്റെ 'മീറ്റിയോർ 350' സ്വന്തമാക്കി. എറണാകുളത്തുനിന്ന് കന്യാകുമാരിയിലേക്കും വാൽപ്പാറയിലേക്കുമൊക്കെ പലതവണ യാത്രനടത്തി. ഇടയ്ക്കൊന്നു വീണെങ്കിലും ഇഷ്ടം കൂടുകയായിരുന്നു.

അച്ഛനും അമ്മയും തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നതിനാൽ ഉമയുടെ വിദ്യാഭ്യാസം അവിടെയായിരുന്നു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദൃശ്യ കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടറാണ് ഉമ. ഭർത്താവ് മഹേഷ് തനയത്താണ് എം.ഡി. മക്കൾ: വിദ്യാർത്ഥികളായ മാളവിക, മീനാക്ഷി. കുടുംബം നിലവിൽ താമസിക്കുന്നത് തൃശൂരിലാണ്. ഭർത്താവിനും സാഹസിക യാത്രകൾ ഇഷ്ടമാണെങ്കിലും കാറിലുള്ള യാത്രകളോടാണ് താത്‌പര്യം. ഇരുവരും ലഡാക്കിലേക്കും യാത്ര ചെയ്തിട്ടുണ്ട്.

പാചകം വഴിയോരത്ത്

പുലർച്ചെ യാത്ര തുടങ്ങി വൈകിട്ട് ആറരയോടെ അവസാനിക്കും. വെള്ളം തിളപ്പിക്കാനുള്ള കെറ്റിൽ, അച്ചാർ, ജാം, നൂഡിൽസ് തുടങ്ങിയവ കരുതിയിട്ടുണ്ട്. താടിക്കും തലയ്ക്കും സുരക്ഷിതത്വം നൽകുന്ന ഹെൽമറ്റ്, കൈകാൽ മുട്ടുകളിലും തോളുകളിലുമൊക്കെ പാഡ് ഉള്ള ജാക്കറ്റ്, പാന്റ്, ബൂട്ട് എന്നിവ മാത്രമാകും യാത്രയിലെ ആ‍ർഭാടങ്ങൾ. ഭക്ഷണം വഴിയോരങ്ങളിൽ പാചകം ചെയ്യും. താമസത്തിന് ഒരിടത്തും ബുക്ക് ചെയ്തിട്ടില്ല.

മറിയുമെന്നു തോന്നിയാൽ വാഹനത്തിൽനിന്ന് ചാടിയിറങ്ങണമെന്നാണ് അച്ഛൻ പഠിപ്പിച്ച പാഠം. ഭാരം കൂടിയ വാഹനമായതിനാൽ കാലിനു പരിക്ക് ഏൽക്കാനോ സൈലൻസറിൽ നിന്ന് പൊള്ളലിനോ സാദ്ധ്യതയേറെയാണെന്ന് ഉമ മഹേഷ് പറയുന്നു.