ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത് ഗുജറാത്ത് സ്വദേശി; മകൻ നായ സ്‌നേഹിയാണെന്ന് പ്രതിയുടെ അമ്മ

Wednesday 20 August 2025 2:20 PM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാൾ ഗുജറാത്ത് സ്വദേശിയെന്ന് പൊലീസ്. രാജേഷ് സകറിയ എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഇന്നുരാവിലെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഇയാൾ മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയും തലമുടി പിടിച്ചുവലിക്കുകയുമായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് അക്രമിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്‌തതോടെയാണ് ഇയാൾ ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. രാജേഷ് സകറിയ നായ സ്‌നേഹിയാണെന്നും തെരുവ് നായകൾക്ക് ഷെൽട്ടർ ഒരുക്കുന്നതുമായി ബന്ധപ്പെട്ടുവന്ന സുപ്രീം കോടതി വിധിയിൽ അസ്വസ്ഥനായിരുന്നുവെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളുടെ പരാതികൾ കേൾക്കാൻ എല്ലാ ആഴ്‌ചയും 'ജൻസുൻവായ്' എന്ന പേരിൽ മുഖ്യമന്ത്രി വസതിയിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇതിനിടെ ചില രേഖകളുമായിട്ടാണ് രാജേഷ് മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്. തുടർന്ന് സംസാരിക്കുന്നതിനിടെ ഇയാൾ ബഹളംവയ്ക്കുകയും മുഖ്യമന്ത്രിയെ ആക്രമിക്കുകയുമായിരുന്നു. മദ്യലഹരിയിലാണ് രാജേഷ് അതിക്രമം കാണിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.