ഇൻഷുറൻസ് തുക തട്ടാൻ 32 കോടിയുടെ വജ്രമോഷണ നാടകം; ഫാക്‌ടറി ഉടമയും മകനും അറസ്റ്റിൽ

Wednesday 20 August 2025 2:42 PM IST

സൂറത്ത്: 20 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം സ്ഥാപനത്തിൽ കവർച്ചാശ്രമം നടത്തിയ ഫാക്‌ടറി ഉടമയും മകനും ഡ്രൈവറും അറസ്റ്റിൽ. സൂറത്തിലെ ഡികെ സൺസ് ഡയമണ്ട് ഫാക്‌ടറി ഉടമ ദേവേന്ദ്ര ചൗധരി, മകൻ പീയുഷ് ചൗധരി, ഡ്രൈവർ വികാഷ് ബിഷ്‌ണോയ് എന്നിവരെ സൂറത്ത് പൊലീസാണ് അറസ്റ്റ് ചെയ്‌തത്.

സൂറത്തിലെ ഫാക്‌ടറിയിൽ നിന്ന് വജ്രങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും എട്ട് ദിവസം മുമ്പാണ് ചൗധരി ഇൻഷുറൻസ് എടുത്തതെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്‌ചയാണ് സൂറത്തിലെ കപോദ്രിലെ കപൂർവാഡിയിലുള്ള തന്റെ സ്ഥാപനമായ ഡികെ സൺസിലെ സേഫ് തകർത്ത് 32.53 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും പണവും മോഷ്‌ടിക്കപ്പെട്ടതായി ചൗധരി കപോദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

തകർന്ന നിലയിലുള്ള സേഫും സിസിടിവി ക്യാമറകളുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കണ്ടത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവി പരിശോധിച്ചപ്പോൾ അക്രമികൾ രണ്ട് ഓട്ടോറിക്ഷകളിലായി വന്ന് അതേ വാഹനങ്ങളിൽ തന്നെ തിരിച്ച് പോകുന്നതായി പൊലീസ് കണ്ടെത്തി. തിങ്കളാഴ്‌ച തന്നെ രണ്ട് ഡ്രൈവർമാരെയും പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലിൽ, സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും മറ്റൊരാൾ വരാച്ചിയിൽ നിന്നും തങ്ങളെ വാടകയ്‌ക്ക് വിളിച്ചതാണെന്ന് അവർ പറഞ്ഞു.

തുടക്കം മുതലേ ദേവേന്ദ്ര ചൗധരിയുടെ മൊഴിയിൽ പൊലീസിന് സംശയം തോന്നിയിരുന്നു. അടുത്തിടെ ഇയാൾ പിരിച്ചുവിട്ട ഒരു ജീവനക്കാരനുനേരെ സംശയം ഉന്നയിച്ച് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചു. വലിയ കടബാദ്ധ്യതയുള്ള ദേവേന്ദ്ര ചൗധരി ഇൻഷുറൻസ് തുക ലഭിക്കാനായാണ് മോഷണ നാടകം സൃഷ്‌ടിച്ചതെന്നും സൂറത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു. ഒടുവിൽ കുറ്റം സമ്മതിച്ച ദേവേന്ദ്ര ചൗധരി, മോഷണം നടത്താൻ സഹായിച്ചതും ആളുകളെ ഏർപ്പാടാക്കിയതും ഡ്രൈവർ വികാഷ് ആയിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു.