ആര്യയും സിബിൻ ബെഞ്ചമിനും വിവാഹിതരായി, കതിർമണ്ഡപത്തിലേക്ക് ആനയിച്ച് മകൾ; കമന്റുമായി മുൻ നാത്തൂൻ
ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും നടിയും സംരംഭകയുമായ ആര്യയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നവവധുവായി അണിഞ്ഞൊരുങ്ങിയ ആര്യയെ മകൾ ഖുഷി എന്ന് വിളിക്കുന്ന റോയയാണ് കതിർമണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. ക്രിസ്‌ത്യൻ രീതിയിലും ചടങ്ങ് ഉണ്ടാകുമെന്നാണ് വിവരം. ചിങ്ങത്തിൽ വിവാഹം ഉണ്ടാകുമെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്ന അടിക്കുറിപ്പോടെ ആര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹ ചിത്രങ്ങൾ ആര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയുടെ മുൻ നാത്തൂനും നടിയുമായ അർച്ചന സുശീലൻ അടക്കമുള്ളവർ ആശംസകളറിയിച്ചുകൊണ്ട് കമന്റ് ചെയ്‌തിട്ടുണ്ട്.
വിവാഹത്തീയതി ആര്യയും സിബിനും പുറത്തുവിട്ടിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ആര്യയുടെ സുഹൃത്തും നടിയുമായ ശിൽപ ബാല ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ' എന്റെ ഫ്രണ്ട്സ് സർക്കിളിൽ സിംഗിളായിട്ടുള്ള കുറച്ചുപേരേയുള്ളൂ. ആ കുറച്ചുപേരിൽ ഒരാൾ കൂടി വിവാഹിതയാകാൻ പോകുകയാണ്. മിസ് ടു മിസിസ് ആകാൻ പോകുകയാണ് ആര്യ. സിബിന്റെയും ആര്യയുടെയും വിവാഹത്തിൽ ഞങ്ങൾ എക്‌സൈറ്റഡാണ്. ഹൽദി, സംഗീത്, വെഡ്ഡിംഗ്, റിസപ്ഷൻ എല്ലാമുണ്ട്. ക്രിസ്ത്യൻ രീതിയിലും ഹിന്ദു രീതിയിലുമായിരിക്കും ചടങ്ങുകൾ ഉണ്ടാകുക.'- എന്നായിരുന്നു ശിൽപ ബാല പറഞ്ഞത്.