'എല്ലാവരും ബൈസെക്ഷ്വലുകളാണ്, പ്രമുഖ വനിതാ എംപിയോട് ക്രഷ്'; വിവാദങ്ങളിൽ ഇടംപിടിച്ച് ഹിന്ദി നടി
അഭിപ്രായപ്രകടനത്തിലൂടെ വീണ്ടും വിവാദങ്ങളിൽ ഇടംപിടിച്ച് പ്രമുഖ ഹിന്ദി നടി സ്വരാ ഭാസ്‌കർ. അടുത്തിടെ താരം അനുവദിച്ച അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. അടിസ്ഥാനപരമായി എല്ലാ ആളുകളും ബൈസെക്ഷ്വലുകളാണെന്നാണ് താരം പറഞ്ഞത്. ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ ഫഹദ് അഹമ്മദിനൊപ്പമുളള അഭിമുഖത്തിലാണ് സ്വരാ ഭാസ്‌കർ സംസാരിച്ചത്. മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയ ശാസ്ത്രമാണ് ഹെറ്ററോസെക്ഷ്വാലിറ്റിയെന്നും സ്വരാ ഭാസ്‌കർ പറഞ്ഞു.
നടിയുടെ വാക്കുകൾ നമ്മളെല്ലാവരും ബൈസെക്ഷ്വലുകളാണ്. ജനങ്ങളെ അവരുടെ രീതിക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുകയാണെങ്കിൽ അത് മനസിലാക്കാം. പക്ഷെ ഹെറ്ററോസെക്ഷ്വാലിറ്റി എന്നത് ആയിരക്കണക്കിന് വർഷങ്ങളായി സാംസ്‌കാരികമായി സ്ഥാപിച്ചിട്ടുളള ഒരു പ്രത്യയ ശാസ്ത്രമാണ്. കാരണം മനുഷ്യവംശം അങ്ങനെയാണ് നിലനിൽക്കുന്നത്. സമാജ്‌വാദി പാർട്ടിയിലെ ഡിംപിൾ യാദവ് എംപിയോടാണ് ക്രഷ് തോന്നിയിട്ടുളളത്. അടുത്തിടെ അവരുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചു.
മഹാരാഷ്ട്രയിൽ ഭർത്താവിന്റെ രാഷ്ട്രീയ ജീവിതത്തിൽ വിളളൽ വരുത്തിയത് താനാണെന്നും ഉത്തർപ്രദേശിൽ പോലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നല്ലതായി തോന്നുന്നില്ലെന്നും അവർ പറഞ്ഞു. അടുത്തിടെ ഭർത്താവിനെ ലക്ഷ്യമിട്ടുളള ഒരു ജാതി അധിക്ഷേപ ട്രോളിൽ പ്രതികരിച്ചതിലൂടെ സ്വരാ ഭാസ്കർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അധിക്ഷേപ പോസ്റ്റിന്റ് സ്‌ക്രീൻഷോട്ടുകൾ സഹിതം പങ്കുവച്ചാണ് താരം വിമർശനം നടത്തിയത്. 2023ലാണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നത്. അമ്മയായതോടെ ഐഡന്റിറ്റി പ്രശ്നങ്ങൾ നേരിടുകയാണെന്നും നടി പ്രതികരിച്ചിരുന്നു. അതും വിവാദത്തിൽപ്പെട്ടിരുന്നു.