ചികിത്സയുടെ ആദ്യ ഘട്ടത്തിൽ മണവും രുചിയും പോയി, നടക്കാൻ ബുദ്ധിമുട്ടുണ്ടായി; രോഗമുക്തി പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല

Wednesday 20 August 2025 3:42 PM IST

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നതായി ഇന്നലെയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരാധകരെ അറിയിച്ചത്. പൂർണമായും രോഗമുക്തി നേടിയതായും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ രോഗമുക്തി പെട്ടെന്നൊരു ദിവസം ഉണ്ടായതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും അദ്ദേഹത്തിന്റെ സുഹൃത്തുമായ വി കെ ശ്രീരാമൻ.

'രോഗമുക്തി പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. ഇന്നലെയും അതിന്റെ തലേന്നുമൊക്കെ മമ്മൂട്ടി വിളിച്ചു. ഇടയ്ക്ക് ഒരാഴ്ച കൂടുമ്പോഴാണ് വിളിക്കുക. അപ്പോഴൊന്നും രോഗത്തെക്കുറിച്ച് പറയില്ല. ആദ്യഘട്ടത്തിൽ ഭക്ഷണത്തിന് ടേസ്റ്റില്ല, നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതൊന്നും അത്ര പ്രധാന്യമുള്ള കാര്യമല്ലെന്ന മട്ടിലാണ് മമ്മൂട്ടി സംസാരിച്ചിരുന്നത്. ബാക്കി പല കാര്യങ്ങളുമാണ് മമ്മൂട്ടി സംസാരിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ പൊളിറ്റിക്സായിരിക്കും, ചിലപ്പോൾ കൃഷിയായിരിക്കും. എനിക്ക് ഇതിനെപ്പറ്റിയിറ്റൊന്നും മൂപ്പരുടെ അത്ര അറിവില്ല.

എന്തെങ്കിലും കാര്യത്തിന് അങ്ങനെയാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞാൽ നിനക്കെന്താണ് തോന്നുന്നതെന്ന് ചോദിക്കും. അപ്പോൾ നമ്മൾ കുടുങ്ങും. ഇങ്ങനത്തെ വർത്തമാനങ്ങളൊക്കെയാണ് ഉണ്ടാകുക. അല്ലാതെ ബൗദ്ധിക ചർച്ചകളൊന്നുമുണ്ടാകില്ല. പക്ഷേ കുറേ നേരം സംസാരിച്ചാൽ നിരവധി വിഷയങ്ങളുണ്ടാകും. എന്നാൽ അതൊന്നും ആധികാരികമായിരിക്കില്ല കേട്ടോ. മൂപ്പർക്ക് ഇതൊക്കെ പറയാൻ ഒരാളെക്കിട്ടണം. ഇന്നലെ ക്യാമറയെക്കുറിച്ച് പഠിപ്പിക്കലായിരുന്നു.

കുറേനാൾ മുമ്പ് വിളിച്ചപ്പോൾ ഇപ്പോൾ ഭക്ഷണത്തിന് ടേസ്‌റ്റൊക്കെ ഉണ്ടെന്ന് പറഞ്ഞിരുന്നു. തെറാപ്പിയുടെ ആദ്യ കാലത്ത് ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടായിരുന്നില്ല. സ്‌മെൽ പോയിട്ടുണ്ടായിരുന്നു. അതൊക്കെ റിക്കവർ ചെയ്തു. രോഗിയുടെ എനർജിയില്ലായ്മയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല.'- വി കെ ശ്രീരാമൻ പറഞ്ഞു.