ചൈനയും പാകിസ്ഥാനും മാത്രമല്ല ഇനി ഒരു രാജ്യത്തിനും ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല, സംവിധാനം ഈ വർഷം തന്നെ

Wednesday 20 August 2025 3:47 PM IST

ന്യൂഡൽഹി:രാജ്യരക്ഷയിൽ അണുവിട വ്യതിചലിക്കാതെ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐഎസ്‌ആർഒ) രണ്ട് പ്രധാന സൈനിക നിരീക്ഷണ ഉപഗ്രഹങ്ങൾ ഈ വർഷം അവസാനത്തോടെ വിക്ഷേപിക്കാനൊരുങ്ങുകയാണ്. ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ സാറ്റലൈറ്റ് (ടിഡിഎസ്), ജിസാറ്റ്-7ആർ എന്നിവയാണവ.

സൈനിക ആശയവിനിമയത്തിനായി നിലവിൽ ഉപയോഗിക്കുന്ന ജിസാറ്റ്-7 (രുഗ്മിണി)ന്‌ പകരമായാണ് ജിസാറ്റ്-7ആർ ഉപയോഗിക്കുക. നാവികസേനയ്‌ക്ക് ജിസാറ്റ്-7ആർ ഒരു മുതൽകൂട്ടാകും. 1589 കോടി രൂപയാണ് (225.5 മില്യൺ ഡോളർ) ജിസാറ്റ്-7ആറിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഐഎസ്‌‌ആർ‌ഒയുടെ ജിഎസ്‌എൽവി മാർക് -2 ലോഞ്ച് വാഹനത്തിലാകും ഇതിനെ ബഹിരാകാശത്തെത്തിക്കുക.

2013ലാണ് ജിസാറ്റ്-7 (രുഗ്മിണി) ഇന്ത്യ ബഹിരാകാശത്തെത്തിച്ചത്. നാവികസേനയ്‌ക്ക് വേണ്ടി നിരീക്ഷണം നടത്തുന്നതിനായിരുന്നു ഇത്. നാവിക പ്രവർത്തനങ്ങളിൽ അത്യാവശ്യം വേണ്ട മൾട്ടി‌ബാൻഡ് ആശയവിനിമയ ശേഷി നൽകുന്ന കൃത്രിമ ഉപഗ്രഹമായിരുന്നു രോഹിണി. യുദ്ധകപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, മറ്റ് തീരദേശ സംവിധാനങ്ങൾ എന്നിവ തമ്മിൽ തത്സമയം സുരക്ഷിതമായ ആശയവിനിമയം നടത്താൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെമ്പാടും ഇത് സഹായമായി. ജിസാറ്റ്-7നെക്കാൾ മികവാർന്ന ആശയവിനിമയ സംവിധാനം നാവികസേനയ്‌ക്ക് നൽകുന്നതാകും ജിസാറ്റ്-7ആർ. ഭൂമദ്ധ്യരേഖയ്‌ക്ക് 35,786 കിലോമീറ്റർ ഉയരത്തിലെ ജിയോ‌സ്‌റ്റേഷനറി ഓർബിറ്റിൽ ആകും ഇത് ഭ്രമണം ചെയ്യുക. 2650 കിലോയോളം ഭാരം ഇതിനുണ്ടാകും.

ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ സാറ്റലൈറ്റും ജിസാറ്റ്-7ആറിനൊപ്പം ഇന്ത്യ വിക്ഷേപിക്കും. തങ്ങളുടെ സാങ്കേതിക കഴിവുകൾ വികസിപ്പിക്കാനും ഉപഗ്രഹ സാങ്കേതിക വിദ്യയിലെ തദ്ദേശീയമായ മികവ് വർദ്ധിപ്പിക്കാനുമായാണ് ഐഎസ്‌ആർഒ ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ സാറ്റലൈറ്റിനെ വിക്ഷേപിക്കുന്നത്. ഇതിന്റെ സാങ്കേതിക മികവുകൾ എന്തെല്ലാമെന്ന് ഇനിയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഈ കൃത്രിമ ഉപഗ്രഹങ്ങൾക്ക് പുറമേ 75,000 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള 40 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ് ഇന്ത്യ നിർമ്മിക്കുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ വി നാരായണൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഏറെ മുന്നേറ്റം നടത്താൻ ഇത് ഇന്ത്യയെ പ്രാപ്‌തമാക്കുമെന്നാണ് കരുതപ്പെടുന്നത്. മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുൾ കലാമിന്റെ കാലത്ത് ഇന്ത്യ 17 ടൺ ഭാരമുള്ള റോക്കറ്റിൽ 35 കിലോ ഭാരമേ ബഹിരാകാശത്ത് എത്തിച്ചിരുന്നുള്ളു. അതിൽ നിന്നും വൻ കുതിപ്പാണ് പതിറ്റാണ്ടുകൾക്കകം ഇന്ത്യ നേടിയത്.