'പ്രൗഡ് ടി.ഡി.എം.സിയൻ' ക്യാമ്പയിന് തുടക്കം
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ഡോക്ടർമാർ ചേർന്ന് ''ഐ ആം എ പ്രൗഡ് ടി.ഡി.എം.സിയൻ' എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ നിർവഹിച്ചു. കോളേജ് അലുമിനി കൂട്ടായ്മയെ ശക്തിപ്പെടുത്തുക, ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ ആവശ്യമുള്ള ഉപകരണങ്ങൾ കൂട്ടായ്മ വഴി നേടിയെടുക്കുക, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരെ ഉൾപ്പെടുത്തി അക്കാഡമിക് എക്സ്ചേഞ്ച് (പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവ്, പരിശീലനം) സാദ്ധ്യമാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പൂർവ വിദ്യാർത്ഥിയും പ്രശസ്ത റുമറ്റോളജിസ്റ്റുമായ ഡോ.പത്മനാഭ ഷേണായി സമ്മാനിച്ച പന്ത്രണ്ട് സ്റ്റെയിൻലസ് വീൽ ചെയറുകൾ, ഇംഗ്ലണ്ടിൽ സർജനായ പൂർവ വിദ്യാർത്ഥി ഡോ.സുധിൻ.പി.ഡാനിയേൽ നൽകിയ ലാപ്രോസ്കോപി ട്രെയിനിംഗ് ബോക്സ് എന്നിവ ആശുപത്രിക്ക് കൈമാറി. ചടങ്ങിൽ സൂപ്രണ്ട്, വൈസ് പ്രിൻസിപ്പൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.