ജയിലിലായാൽ പദവി നഷ്‌ടമാകുന്ന വിവാദ ബിൽ ജെപിസിയുടെ പരിഗണനയ്‌ക്ക് വിട്ട് സർക്കാർ, സഭ ഇന്നത്തേക്ക് പിരിഞ്ഞു

Wednesday 20 August 2025 7:07 PM IST

ന്യൂഡൽഹി: അ‌ഞ്ച് വർഷമോ അതിലധികമോ വർഷം ശിക്ഷലഭിക്കുന്ന കുറ്റത്തിന് ഒരുമാസം വരെ തടവ് ലഭിക്കുന്ന പ്രധാനമന്ത്രിയെയോ, മുഖ്യമന്ത്രിയെയോ അഥവാ മന്ത്രിമാരെയോ നീക്കം ചെയ്യാൻ കൊണ്ടുവന്ന വിവാദ ബിൽ സംയുക്ത പാർലമെന്റ് സമിതി (ജെപിസി)യ്‌ക്ക് വിട്ടു. ശക്തമായ പ്രതിപക്ഷ ബഹളം കാരണമാണ് തീരുമാനം.

130-ാം ഭരണഘടനാ ഭേദഗതി ബില്ലാണ് ജെപിസിയ്‌ക്ക് വിട്ടത്. ഇന്ന് ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ കടുത്ത പ്രതിപക്ഷ പ്രതിഷേധമാണ് ഉണ്ടായത്. തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ബിൽ കീറി ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നേരെ എറിഞ്ഞു. ബഹളം കനത്തതോടെ സഭ ആദ്യം വൈകിട്ട് അഞ്ച് വരെയും പിന്നീട് നാളെ ചേരുന്നതിനുമായി നിർത്തിവച്ചു.

ബിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുന്നതിനാണെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഭരണഘടനാ ബിൽ (130-ാം ഭേദഗതി), ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറീസ് ( അമെൻമെന്റ്)ബിൽ 2025, ജമ്മു കാശ്‌മീർ പുനഃസംഘടനാ (ഭേദഗതി) ബിൽ 2025 എന്നിവയാണ് സഭയിൽ കേന്ദ്ര‌ ആഭ്യന്തരമന്ത്രി അമിത് ഷാ ഇ‌ന്ന്‌ അവതരിപ്പിച്ചത്.