മലയോര മേഖലയിൽ തെരുവുനായ്ക്കൾ വിലസുന്നു

Thursday 21 August 2025 1:46 AM IST

വിതുര: മലയോര മേഖലയിലെ മിക്ക പഞ്ചായത്തിലും തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരികയാണ്. വിതുര പഞ്ചായത്തിലെ വിതുര ചന്തമുക്ക്, കെ.പി.എസ്.എം ജംഗ്ഷൻ, തേവിയോട്, വിതുരകലുങ്ക്,മരുതാമല കൊപ്പം,ആശുപത്രിജംഗ്ഷൻ, ചേന്നൻപാറ, പേരയത്തുപാറ, ചാരുപാറ,ചായം, ചെറ്റച്ചൽ,ആനപ്പാറ, കല്ലാർ തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി,തോട്ടുമുക്ക്, പടിപ്പോട്ടുപാറ,പൊൻപാറ തൊളിക്കോട്, പുളിമൂട് പനയ്ക്കോട്, പുളിച്ചാമല, പരപ്പാറ, നാഗര എന്നീ മേഖലകളിലാണ് തെരുവുനായ്ക്കൾ കൂടുതൽ ഭീതിപരത്തി വിഹരിക്കുന്നത്. സ്കൂൾ, ആശുപത്രി പരിസരങ്ങൾ നായ്ക്കളുടെ പ്രധാന കേന്ദ്രമാണ്. തൊളിക്കോട് വിതുര പഞ്ചായത്തുകളിലെ മറ്റ് മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. പേവിഷബാധയുള്ള നായ്ക്കൾ വരെ പൊൻമുടി സംസ്ഥാനപാതയിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്. നിരവധി നായ്ക്കളെ നാട്ടുകാർ തല്ലിക്കൊന്ന സംഭവവുമുണ്ട്. റോഡരികിലൂടെ സൂക്ഷിച്ചുനടന്നില്ലെങ്കിൽ നായ്ക്കളുടെ ആക്രമണം ഉറപ്പാണ്. അനവധി പേരെ ഇതിനകം നായ്ക്കൾ കടിച്ചുകുടഞ്ഞു. മാത്രമല്ല വീടുകളിൽ കയറി കോഴികളെ പിടികൂടി ഭക്ഷണമാക്കുന്നുണ്ട്. പൗൾട്രിഫാമുകളിൽവരെ കയറി കോഴികളെ കൊന്നൊടുക്കിയിരുന്നു.

നായ്ക്കളെ കൊണ്ടിറക്കുന്നു

രാത്രിയിൽ വാഹനങ്ങളിൽ വിജനമായ മേഖലകളിൽ തലസ്ഥാനനഗരിയിൽ നിന്നും നായ്ക്കളെ കൊണ്ടിറക്കുന്ന രീതി തുടരുകയാണ്. കഴിഞ്ഞയാഴ്ച രാത്രിയിൽ ആനപ്പെട്ടി, തോട്ടുമുക്ക്, പേരയത്തുപാറ മേഖലകളിൽ നായ്ക്കളെ കൊണ്ടിറക്കിയിരുന്നു. പൊൻമുടിയിലും മറ്റും എത്തുന്ന വിനോദസഞ്ചാരികൾ വരെ നായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്.

മാലിന്യം പ്രധാന കാരണം

തെരുവുനായ്ക്കളുടെ ശല്യം കൂടാൻ പ്രധാനകാരണം മാലിന്യ നിക്ഷേപമാണ്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ഭാഗത്തും മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് കാണാം. മാലിന്യം തിന്നാൻ നായ്ക്കൾ കൂട്ടത്തോടെ എത്തും. മാത്രമല്ല ഇറച്ചിമാലിന്യം കഴിച്ച് നായ്ക്കൾ പെറ്റുപെരുകുകയാണ്. ഓരോവർഷം കഴിയുംതോറും നായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇടയ്ക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് അനക്കമില്ലാതായി.