കേരളം,​ ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനം, പുതിയ കാലത്തേക്ക് ലോഗിൻ ചെയ്ത്...

Thursday 21 August 2025 4:56 AM IST

വികസനത്തിന്റെ നിരവധി നാഴികക്കല്ലുകൾ പിന്നിട്ട കേരളം മറ്റൊരു മഹത്തായ നേട്ടം കൂടി കൈവരിച്ചിരിക്കുന്നു- രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി! സാധാരണക്കാർക്കു ലഭിക്കേണ്ട അവകാശങ്ങളും സേവനങ്ങളും സഹായങ്ങളും വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിൽ നേടിയെടുക്കാൻ അവരെ ശാക്തീകരിക്കുകയെന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതിയാണ് 'ഡിജി കേരളം."

ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായിരിക്കുകയും മറ്റൊരു വിഭാഗം അതിന്റെ പരിധിക്ക് പുറത്തായിരിക്കുകയും ചെയ്യുന്ന ഡിജിറ്റൽ അസമത്വം ഇല്ലാതാക്കി ഡിജിറ്റൽ തുല്യത കൈവരിക്കുകയെന്ന സാമൂഹ്യ ലക്ഷ്യമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവും ഉപയോഗിച്ച് വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും മറ്റും നേടിയെടുക്കാനും,​ ഡിജിറ്റൽ വ്യവഹാരങ്ങൾ എളുപ്പമാക്കാനും കേരളത്തിലെ മുഴുവൻ ജനങ്ങളെയും പരിശീലിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുകയും അത് കൈവരിക്കുകയും ചെയ്തു.

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിൽ നിന്നുമുള്ള സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭിക്കാനുള്ള ഓൺലൈൻ സംവിധാനങ്ങൾ ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭകളിലും കോർപറേഷനുകളിലും ഏർപ്പെടുത്തിയ കെ- സ്മാർട്ട് എന്ന ഓൺലൈൻ സേവന സംവിധാനം ഗ്രാമ പഞ്ചായത്തുകൾ അടക്കം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഇക്കഴിഞ്ഞ ഏപ്രിലോടെ വ്യാപിപ്പിച്ചു. അതോടെ ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാനും സേവനങ്ങൾ സ്വീകരിക്കാനും എല്ലാവരെയും പരിശീലിപ്പിക്കേണ്ടത് അനിവാര്യമായി. ഒപ്പം ഡിജിറ്റൽ ലോകത്തെ മറ്റു സംവിധാനങ്ങളും ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നതിനായി ആവിഷ്‌കരിച്ച ഡിജിറ്റൽ സാക്ഷരതാ പ്രസ്ഥാനമാണ് 'ഡിജി കേരളം."

പുല്ലംപാറ ടു ഡിജി കേരളം

2021- ൽ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയിൽ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയിരുന്നു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2022 സെപ്തംബർ 21-ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറ മാറി. 'ഡിജി പുല്ലമ്പാറ"യുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാനത്താകെ ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിജി കേരളം പദ്ധതി ആരംഭിക്കുന്നതിന് മുമ്പു തന്നെ 11 ജില്ലകളിലായി 27 തദ്ദേശ സ്ഥാപനങ്ങൾ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്ക്കായുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇങ്ങനെ 1,20,826 പൗരന്മാർക്ക് (പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെ) ഡിജിറ്റൽ സാക്ഷരത നൽകിയാണ് ഈ നേട്ടം കൈവരിച്ചത്. 2023 ഏപ്രിൽ 10-ന് ഇതിനു തുട‌ർച്ചയായി 'ഡിജി കേരളം" പദ്ധതിക്ക് തുടക്കംകുറിക്കുകയും ചെയ്തു.

അന്തർദ്ദേശീയ തലത്തിൽ യുനെസ്‌കോ ഉൾപ്പെടെയുള്ള ഏജൻസികൾ നിർവചിച്ച ഡിജിറ്റൽ പഠന മാനദണ്ഡങ്ങളോട് ചേർന്നുനിൽക്കുന്നതാണ് കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതാ മൊഡ്യൂൾ. 14 മുതൽ 65 വയസുവരെയുള്ളവർക്ക് മൂല്യനിർണയം നടത്തിയാൽ മതിയെന്നായിരുന്നു ഔദ്യോഗിക തീരുമാനമെങ്കിലും, മുഴുവൻ പഠിതാക്കളും മൂല്യനിർണയം പൂർത്തിയാക്കി വിജയിച്ചവരായി മാറി. സാങ്കേതിക സർവകലാശാലയുടെയും കിലയുടെയും നേതൃത്വത്തിൽ രൂപകല്പന ചെയ്ത മൂന്ന് മൊഡ്യൂളുകളിലായി 15 പ്രവർത്തനങ്ങളാണ് പരിശീലിപ്പിച്ചത്.

സുതാര്യവും സമഗ്രവും

സ്മാർട്ട് ഫോൺ ഓണാക്കാനും ഓഫാക്കാനും തുടങ്ങി, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് എന്നിവ ഉപയോഗിക്കാനും,​ യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്യാനും,​ ചിത്രങ്ങളും വീഡിയോകളും കാണാനും,​ പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനും,​ വൈദ്യുതി ബിൽ അടയ്ക്കാനുമെല്ലാം പരിശീലനം നൽകി. ഡിജിറ്റൽ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുന്ന ഒരു പ്രവർത്തനമായിരുന്നു പതിനഞ്ചാമത്തേത്. 15-ൽ ആറ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയാലാണ് സാക്ഷരതാ നിർണയത്തിലേക്ക് എത്തുന്നത്.

സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളിൽ 90 വയസ്സിലധികമുള്ള 15,223 പേരും, 76-നും 90-നും ഇടയിൽ പ്രായമുള്ള 1,35,668 പേരും ഉൾപ്പെടുന്നു. ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ള 1644 പേരും പരിശീലനം പൂർത്തിയാക്കി.

2,57,048 വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു സർവേയും പരിശീലനവും . മൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നൽകി തുടർമൂല്യനിർണയവും ഉറപ്പാക്കി. സ്മാർട്ട് ഫോൺ സ്വന്തമായി ഇല്ലാത്തവർക്ക് വളണ്ടിയർമാരുടെ ഫോണിൽ നിന്ന് പരിശീലനം നൽകി.

ഓരോ ഘട്ടത്തിലും 'ഡിജി കേരളം' പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പഠിതാക്കളെ സൂപ്പർചെക്കിന് വിധേയമാക്കി. സർക്കാരിൽ നിന്നുള്ള സേവനങ്ങളും അവകാശങ്ങളും വേഗത്തിൽ നേടിയെടുക്കാനും,​ പുതിയ ആശയവിനിമയ സംവിധാനങ്ങളിൽ പങ്കാളികളാകാനും സാധാരണ ജനങ്ങൾക്ക് കാര്യശേഷി നൽകുന്ന വിപുലമായ ശാക്തീകരണ പ്രക്രിയയാണ് ഡിജി കേരളം. ഈ ചരിത്രനേട്ടത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കും.