കെ- സോട്ടോ പദ്ധതി പുനരുജ്ജീവിപ്പിക്കണം

Thursday 21 August 2025 4:01 AM IST

മരണാനന്തര അവയവദാന പദ്ധതി ഏറ്റവും വിശ്വാസയോഗ്യമായും വിജയകരമായും നടപ്പാക്കാനാവുന്നത് സംസ്ഥാന മെഡിക്കൽ കോളേജ് ആശുപത്രികൾക്കാണ്. എന്നാൽ ഇതിനുള്ള പദ്ധതിയായ 'കെ- സോട്ടോ" തികഞ്ഞ പരാജയമാണെന്നും,​ ഇപ്പോൾ ശസ്‌ത്രക്രിയകളൊന്നും നടക്കുന്നില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിനു പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഔദ്യോഗിക വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നടപടിയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സത്യം പറയുന്നവരുടെ വായ് മൂടിക്കെട്ടിയതുകൊണ്ട് അവർ ഉയർത്തിയ വിഷയം ഇല്ലാതാകുന്നില്ല.

പൊതുജന നന്മയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യംവയ്ക്കുന്നതെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തെറ്റു തിരുത്തലുകളാണ് ആദ്യം വേണ്ടത്. മെഡിക്കൽ കോളേജിലെ തന്നെ യൂറോളജി മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ നടത്തിയ വെളിപ്പെടുത്തലുകൾ സത്യമായിരുന്നെന്നും,​ അതിന്റെ പേരിൽ ആ ഡോക്ടറെ അപകീർത്തിപ്പെടുത്താൻ അധികൃതർ നടത്തിയ ശ്രമങ്ങൾ അപഹാസ്യമായതും ജനങ്ങൾ കണ്ടതാണ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ നൽകുന്ന സേവനം പരാധീനതകൾക്കിടയിലും മഹത്തരമാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ അതിൽ വരുത്തേണ്ട തിരുത്തലുകൾ കൺമുന്നിൽപ്പെട്ടാലും അതത് വകുപ്പ് മേധാവികൾ കത്ത് മുഖേനയും അല്ലാതെയും ചൂണ്ടിക്കാട്ടിയാലും അവഗണിക്കുന്ന രീതിയാണ് കുറെക്കാലമായി നിലനിൽക്കുന്നത്. ഇത് സിസ്റ്റത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ രോഗമാണെന്നു തിരിച്ചറിഞ്ഞ് അത് ദുരീകരിക്കേണ്ടത് ആരോഗ്യവകുപ്പിന്റെയും അതിന് മേൽനോട്ടം വഹിക്കുന്നവരുടെയും ചുമതലയാണ്.

അതിനു തയ്യാറാകാതെ എല്ലാം ഭദ്രവും ശുഭവുമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലാണ് ആരോഗ്യ,​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റും വ്യഗ്രത. ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന സാധാരണക്കാരായ രോഗികളാണ്. രോഗികൾ അവരുടെ പരാതികൾ സാധാരണ ചികിത്സിക്കുന്ന ഡോക്ടർമാരോടാണ് നേരിട്ട് പറയുക. അതുകേട്ട് സഹികെട്ടാണ് അവർ മുകളിലേക്ക് എഴുതുന്നത്. അതിൽ യാതൊരു നടപടിയും ഉണ്ടാകാത്തതുകൊണ്ടാണ് ചില ഡോക്ടർമാരെങ്കിലും അകത്തെ കാര്യങ്ങൾ പുറത്തു പറയാൻ നിർബന്ധിതരാകുന്നത്. പഴയ കാലമല്ലിത്. ഓരോ മനുഷ്യനും വർത്തമാനങ്ങൾ ലോകത്തെ അറിയിക്കാനുള്ള വാതായനങ്ങൾ തുറന്നുകിടപ്പുണ്ട്. യൂറോളജി മേധാവിയായിരുന്ന,​ അടുത്തിടെ നമ്മെ വിട്ടുപോയ ഡോ. വേണുഗോപാലും നെഫ്രോളജി മേധാവിയായിരുന്ന ഡോ. രാംദാസ് പിഷാരടിയുമാണ് 'കെ- സോട്ടോ" പദ്ധതിയെ ജനകീയമാക്കിയത്.

മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിൽ സർക്കാർ മെഡിക്കൽ കോളേജുകൾ വരുത്തുന്ന വീഴ്ചയാണ് 'കെ- സോട്ടോ" പരാജയപ്പെടാൻ പ്രധാന കാരണ. മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് കാര്യക്ഷമമാക്കാൻ സർക്കാർ 25 ലക്ഷം രൂപ മുടക്കിയത് നിലവിൽ പാഴായിരിക്കുകയാണ്. സർക്കാർ നല്ല പദ്ധതികൾ ആവിഷ്‌കരിച്ചാലും അതിനെ അട്ടിമറിക്കുന്ന ഒരു സംഘം എവിടെയും പ്രവർത്തിക്കുന്നുണ്ടെന്നു വേണം കരുതാൻ. ജോലിചെയ്യുന്നതിൽ വിമുഖരാണെങ്കിലും അധികാരത്തിൽ അത്യാവശ്യം പിടിയുള്ളവരായിരിക്കും ഇവർ. അതാണ് തലപ്പത്തുള്ളവർ പലപ്പോഴും ഇത്തരക്കാരെ വെള്ളപൂശാൻ വ്യഗ്രത കാണിക്കുന്നത്. സംസ്ഥാനത്ത് അവയവ മാറ്റിവയ്ക്കലിനായി കെ- സോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 2832 പേരാണ്. അവരെ സഹായിക്കുന്ന നടപടിയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.