ക്രിക്കറ്റിലും കേരളം മിന്നിത്തിളങ്ങട്ടെ

Thursday 21 August 2025 3:05 AM IST

ഏതൊരു ഇന്ത്യക്കാരനെയും പോലെ മലയാളിക്കും പ്രിയപ്പെട്ട കായിക വിനോദമാണ് ക്രിക്കറ്റ്. പക്ഷേ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മറ്റ് സംസ്ഥാനതാരങ്ങൾ എത്തുന്നതുപോലെ കേരളത്തിൽനിന്ന് താരങ്ങൾ ഉണ്ടായിട്ടില്ല എന്നത് യാഥാർത്ഥ്യം. മറുനാടൻ മലയാളി താരങ്ങളിൽ അഭിമാനം ഒതുക്കേണ്ടിവന്നിരുന്ന അവസ്ഥയിൽ നിന്ന് ചെറിയ രീതിയിലെങ്കിലും മോചനമുണ്ടായത് അടുത്ത കാലത്താണ്. ടിനു യോഹന്നാനും എസ്. ശ്രീശാന്തും തുറന്നിട്ട വഴിയിലൂടെ സഞ്ജു സാംസൺ വരെ ഇന്ത്യൻ കുപ്പായമണിഞ്ഞു. വനിതാ ക്രിക്കറ്റിൽ മിന്നുമണിയും സജന സജീവനും ആശയും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത് കഴിഞ്ഞ വർഷങ്ങളിലാണ്. ജൂനിയർ തലത്തിൽ മലയാളി താരങ്ങൾ കുറച്ചുകൂടി സജീവമായി ദേശീയ ടീമുകളിലേക്ക് എത്തുന്നുണ്ട്. ഇതിനുമപ്പുറത്തേക്ക് കേരള ക്രിക്കറ്റിന്റെ വളർച്ച ലക്ഷ്യമിട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ വർഷം കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) നടപ്പിലാക്കിയത്.

2008-ൽ ഐ.പി.എല്ലിന്റെ വരവോടെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായതന്നെ മാറിയത്. കുഗ്രാമങ്ങളിൽ ക്രിക്കറ്റ് കളിച്ചുനടന്ന പയ്യന്മാർക്കു വരെ ഐ.പി.എൽ ടീമുകളിലേക്കും അവിടെ നിന്ന് ദേശീയ ടീമുകളിലേക്കും എത്തിപ്പെടാനായി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വാണിജ്യ അടിത്തറ വിപുലീകരിക്കുന്നതിലും ഐ.പി.എൽ പ്രധാന പങ്കുവഹിച്ചു. തമിഴ്നാടും യു.പിയും ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ ഐ.പി.എല്ലിന്റെ മാതൃകയിൽ പ്രാദേശിക ലീഗുകൾ നേരത്തേതന്നെആരംഭിച്ചിരുന്നു. ഐ.പി.എൽ ടീമുകളിലേക്ക് കളിക്കാരെ എത്തിക്കുന്നതിനുള്ള പ്രധാന ചാലകശക്തിയായി ഈ ലീഗുകൾ മാറുകയും ചെയ്തു. അല്പം വൈകിയെങ്കിലും കേരളത്തിലും ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ ആദ്യസീസൺ വിജയകരമായി നടത്തിയ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇക്കുറി കെ.സി.എല്ലിന്റെ രണ്ടാം സീസൺ അതിവിപുലമായ രീതിയിൽ സംഘടിപ്പിക്കുകയാണ്.

ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾക്ക് തുടക്കമാകുമ്പോൾ കേരളത്തിന്റെ ക്രിക്കറ്റ് പ്രതീക്ഷകൾകൂടിയാണ് ചിറകുവിരിക്കുന്നത്. മികച്ച സാങ്കേതിക സൗകര്യവും തത്സമയം ലോകമെങ്ങും കാണിക്കാനുള്ള സംവിധാനവുമൊരുക്കി ദേശീയ തലത്തിലെ തന്നെ മികച്ച ലീഗുകളിലൊന്നാക്കി കെ.സി.എല്ലിനെ മാറ്റാനാണ് സംഘാടകരുടെ ശ്രമം. കളിയുടെ നിലവാരമുയർത്താൻ സഞ്ജു സാംസൺ അടക്കമുള്ള കേരളത്തിലെ പ്രഗത്ഭരായ കളിക്കാരെയൊക്കെയും അണിനിരത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിലെത്തിയതിലൂടെ മലയാളികൾ ഒട്ടും മോശക്കാരല്ലെന്ന് തെളിയിച്ചുകഴിഞ്ഞു. ആ ചരിത്രനേട്ടം പകർന്ന ഉണർവ് കെ.സി.എല്ലിനും തുണയാകണം. ദേശീയ ടീമിന്റെയും ഐ.പി.എൽ ടീമുകളുടെയും ടാലന്റ് ഹണ്ടിംഗ് സ്ക്വാഡുകളുടെ ശ്രദ്ധ കെ.സി.എല്ലിലും പതിയുന്നുണ്ട്. കഴിഞ്ഞ സീസണിൽ വിഘ്നേഷ് പുത്തൂർ എന്ന കളിക്കാരന് മുംബയ് ഇന്ത്യൻസ് ടീമിൽ കളിക്കാൻ കഴിഞ്ഞത് കെ.സി.എല്ലിലെ പ്രകടനം വഴിയാണ്. കെ.സി.എൽ കളിച്ച 16 താരങ്ങൾക്കാണ് കഴിഞ്ഞ സീസണിൽ വിവിധ ഐ.പി.എൽ ടീമുകളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ഇക്കുറി അതിലേറെ താരങ്ങൾക്ക് മുന്നിലേക്കുള്ള വഴിതുറന്നുനൽകാനാകുമെന്നാണ് പ്രതീക്ഷ. വയനാട്ടിൽ ഉൾപ്പടെ സംസ്ഥാനത്ത് മികച്ച നിലവാരമുള്ള സ്റ്റേഡിയങ്ങളും പരിശീലന സൗകര്യങ്ങളും ഒരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങളും അക്കാഡമികളും സ്ഥാപിച്ചും പരിശീലകരെ നിയോഗിച്ചും ക്രിക്കറ്റിൽ താത്പര്യമുള്ള പ്രതിഭകളെ വളർത്തിയെടുക്കാനുള്ള കെ.സി.എയുടെ ശ്രമങ്ങൾ ശ്ളാഘനീയമാണ്. അതിന് കൂടുതൽ കരുത്തു പകരുന്നതാണ് കെ.സി.എൽ. ഐ.പി.എല്ലിന്റെ വരവോടെ പല രീതിയിലുള്ള വിവാദങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ തലപൊക്കിയതും ഓർക്കേണ്ടതുണ്ട്. അത്തരം പിഴവുകളില്ലാത്ത സംഘാടനത്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജാഗരൂകരായിരിക്കണം. അടുത്തമാസം വനിതാ ലോകകപ്പിനും വേദിയാകാൻ ഒരുങ്ങുന്ന കാര്യവട്ടത്ത് ഇനിയുള്ള പകലിരവുകൾ നിലവാരമുള്ള ക്രിക്കറ്റിന്റേതാകട്ടെ.