അങ്ങനെ ഒരു മാജിക്ക് മോഹൻലാലിനുണ്ട്; സൂപ്പർതാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെ കുറിച്ച് സത്യൻ അന്തിക്കാട്
മലയാളത്തിൽ എക്കാലത്തെയും മികച്ച സിനിമകൾ ഒരുക്കിയ കൂട്ടുകെട്ടാണ് മോഹൻലാൽ - സത്യൻ അന്തിക്കാട് ടീം. ടി.പി. ബാലഗോപാലൻ എം.എ മുതൽ എന്നും എപ്പോഴും വരെ നീളുന്നതാണ് ആ പട്ടിക . ഈ ഓണത്തിന് ആ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുകയാണ് ഹൃദയപൂർവം എന്ന സിനിമയിലൂടെ. സിനിമയുടെ വിശേഷങ്ങൾ കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ എന്ന പരിപാടിയിലൂടെ പങ്കു വച്ച സത്യൻ അന്തിക്കാട് മോഹൻലാലിന്റെ അഭിനയത്തിന്റെ പ്രത്യേകതകളും വിശദമാക്കി. തനിക്ക് അഭിനയിപ്പിച്ച് കൊതി തീരാത്ത നടനാണ് മോഹൻലാൽ എന്നും അദ്ദേഹം പറഞ്ഞു
ഹൃദയപൂർവത്തിലെ സന്ദീപ് ബാലകൃഷ്ണനിലേക്ക് എത്തുമ്പോൾ അന്ന് ടി.പി. ബാലഗോപാലനിൽ അഭിനയിക്കാനെത്തിയ മോഹൻലാലിൽ കണ്ട പ്രത്യേകതകളിൽ ഒരു മാറ്റവും ഇല്ലാത്ത , സിൻസിയർ ആയ അപ്രോച്ച് ആണ് അദ്ദേഹത്തിനിപ്പോഴും. ക്യാമറയുടെ മുൻപിൽ ഏറ്റവും നന്നായി ബിഹേവ് ചെയ്യുന്ന ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹം ഇപ്പോഴും അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് തോന്നും ലോകത്തെ ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്ന്. ഇത് ആർക്കും ചെയ്യാവുന്നതല്ലേ എന്ന് നമുക്ക് തോന്നിപ്പോകും. അങ്ങനെ ഒരു മാജിക് മോഹൻലാലിനുണ്ട്. അത് ബോധപൂർവ്വം ചെയ്യുന്നതല്ല എന്നും സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി.