ടേക്ക് എ ബ്രേക്ക് മന്ദിരം അനാഥമാക്കപ്പെടുന്നു
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം പഞ്ചായത്ത് സ്ഥലത്ത് ടേക്ക് എ ബ്രേക്കിനുവേണ്ടി നിർമ്മിച്ച മന്ദിരം ഇന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നു.
ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു ദിവസം പോലും ഈ മന്ദിരം തുറന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ ഇപ്പോൾ നാടോടികളുടെയും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാൻമാരുടെയും കേന്ദ്രമായി മാറിക്കഴിഞ്ഞു. മന്ദിരത്തിനു മുന്നിൽ ഷീറ്റ് കൊണ്ട് ഷെഡ് നിർമ്മിച്ചിട്ടുള്ളതിനാൽ ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും പാർക്കിംഗ് കേന്ദ്രം കൂടിയാണ്. ഇവിടെ മന്ദിരം നിർമ്മിക്കുന്ന സമയത്ത് നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നു. ഇവിടെ ഇത് നിർമ്മിച്ചാൽ ഇതിന്റെ ഗുണം ലഭിക്കില്ലെന്നും ഇത് റോഡ് സൈഡിൽ നിർമ്മിക്കണമെന്നും വാർഡ് മെമ്പർ ഉൾപ്പെടെ അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് മന്ദിരം നർമ്മിച്ചത്.
സാമൂഹ്യവിരുദ്ധ ശല്യം
സന്ധ്യയായാൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധർ കൈയേറുന്നുണ്ട്. ഏതാനും മാസമായി ഇതിനു മുന്നിലെ ഷെഡ് ഒരു വൃദ്ധൻ കൈയേറി താമസം തുടങ്ങിയിരിക്കുകയാണ്. പഞ്ചായത്തിൽ നിരവധി പദ്ധതി പ്രകാരം പണികഴിപ്പിച്ച മന്ദിരങ്ങൾ ഒഴിഞ്ഞുകിടന്ന് നശിക്കുന്നതിനോപ്പം പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച ഈ മന്ദിരവും നശിക്കുമോയെന്നാണ് ജനങ്ങളുടെ ആശങ്ക.
പകൽവീടുകളും
അടഞ്ഞുതന്നെ
പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് വൃദ്ധ ജനങ്ങളുടെ ഉല്ലാസത്തിനായി ഗ്രാമപഞ്ചായത്തിൽ രണ്ട് പകൽവീടുകൾ നിർമ്മിച്ചു നൽകിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞതൊഴിച്ചാൽ ഒരു ദിവസം പോലും തുറന്നു പ്രവർത്തിച്ചിട്ടില്ല. നിരവധി സർക്കാർ ഓഫീസുകൾ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഉപയോഗശൂന്യമായി കിടക്കുന്ന ഈ മന്ദിരങ്ങൾ ഓഫീസുകൾ പ്രവർത്തിക്കാൻ നൽകിയാൽ കെട്ടിടങ്ങൾ നശിക്കാതെ കിടക്കുമായിരുന്നു.