തെരുവുനായ കീറാമുട്ടിയാണോ?

Thursday 21 August 2025 3:16 AM IST

തെരുവുനായ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ഥിതി രൂക്ഷമായി. കടിയേൽക്കുന്നവരുടെ എണ്ണവും പേവിഷബാധയേൽക്കുന്നവരും കൂടി. പക്ഷേ, ശാശ്വത പരിഹാരം ഇന്നും അകലെയാണ്. തെരുവുനായ്ക്കൾ ഭീഷണിയാണെന്ന് ആവർത്തിക്കുന്ന ഭരണകൂടത്തിന് മുന്നിലേക്ക് ബി.ടെക് ബിരുദധാരിയും മൃഗസ്നേഹിയുമായ ആര്യ ഭരതൻ ചൂണ്ടിക്കാട്ടുന്ന പരിഹാരം തന്റെ ജീവിതമാണ്.

തൃപ്രയാർ ഏങ്ങൂരിൽ ആര്യയുടെ വീട്ടിലെത്തിയാൽ അവിടെ തെരുവുനായ്ക്കളേയും തെരുവിൽ അലഞ്ഞിരുന്ന കാളകളേയും പശുക്കളേയുമെല്ലാം കാണാം. അവർക്ക് ചികിത്സയും ഭക്ഷണവും അഭയവുമെല്ലാം നൽകിയാണ് ആര്യ സഹജീവി സ്‌നേഹത്തിന്റെ മാതൃകയാകുന്നത്. ഭക്ഷണവും അഭയവും നൽകി വന്ധ്യംകരണം നടത്തിയാൽ തെരുവുനായ്ക്കൾ ആരേയും ഉപദ്രവിക്കില്ലെന്ന് ഈ ജീവിതം സാക്ഷ്യം പറയുന്നുണ്ട്. ഹൈദരാബാദ് നൽസാർ യൂണിവേഴ്‌സിറ്റി ഒഫ് ലോയിൽ മൃഗനിയമങ്ങളിൽ പരിശീലനം നേടി വലപ്പാട് അനിമൽ ഹെൽത്ത് സെന്റർ തുടങ്ങിയത് ഇതിനെല്ലാം വേണ്ടിയാണ്. അതിനുളള പണവും സ്വന്തമായി ചെലവഴിക്കുന്നു.

പീപ്പീൾസ് ഫോർ ആനിമൽസ് തൃശൂർ ചാപ്റ്റർ ഹെഡാണ് ആര്യ. പത്തുവർഷമായി ഈ സംഘടനയ്ക്ക് നേതൃത്വം നല്കുന്ന ആര്യയ്ക്ക് ബാല്യത്തിലേ എല്ലാ ജീവികളേയും ഇഷ്ടമായിരുന്നു. കോളേജ് പഠനകാലത്ത്, വാഹനമിടിച്ച് പരിക്കേറ്റ പശുക്കൾക്ക് ചികിത്സ ഒരുക്കിയതു മുതലാണ് തുടക്കം. പ്ലാസ്റ്റിക് മാലിന്യം തിന്ന് മൃതപ്രായരായ പശുക്കൾക്കും അഭയമൊരുക്കിയിട്ടുണ്ട്. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന സംഘടനയായ പീപ്പീൾസ് ഫോർ ആനിമൽസിന്റെ (പി.എഫ്.എ) പ്രവർത്തനങ്ങളിൽ സജീവമായ ആര്യ, തൃശൂർ ജില്ലയിൽ 2014ൽ യൂണിറ്റ് രൂപീകരിച്ചു. ജില്ലയിലെ ഡയറക്ടറായ ആര്യയ്ക്ക് മേനകാഗാന്ധി നേതൃത്വം വഹിക്കുന്ന പി.എഫ്.എയുടെ പിന്തുണയാണ് കരുത്ത്. മേനകാഗാന്ധി അടക്കമുളളവരുമായി വ്യക്തിബന്ധവുമുണ്ട്.

കൊവിഡ് കാലത്ത് തെരുവുനായ്ക്കളും കാലികളും വാഹനാപകടങ്ങളിൽപ്പെടുന്നത് ഒഴിവാക്കാനായി റിഫ്‌ളക്ടറുകൾ ഘടിപ്പിക്കുന്നതിനും ആര്യ രംഗത്തിറങ്ങി. നായ്ക്കൾക്ക് കഴുത്തിലും കാലികൾക്ക് കൊമ്പിലുമാണ് ഘടിപ്പിച്ചത്. കേരളം മൊത്തം നടപ്പാക്കിയ പദ്ധതിക്കാണ് അന്ന് തുടക്കമിട്ടത്. ഹൈവേയ്ക്ക് സമീപത്തെ പ്രദേശങ്ങളിലുള്ള മൃഗങ്ങളിലാണ് ആദ്യം റിഫ്ലക്ടറുകൾ ഘടിപ്പിച്ചത്. കൊവിഡ് കാലം മുതൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയിരുന്നു. ഭക്ഷണം കൊടുക്കുന്ന സമയത്തുതന്നെ കോളറും ഇടും. തന്റെ വിവാഹത്തിനും സഹജീവി സ്നേഹത്തിന്റെ സന്ദേശം നല്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. വേദിയിൽ റോബോട്ടിക് എലിഫന്റിനെ കൊണ്ടുവന്നതും അതിനായിരുന്നു. വിദേശത്ത് ചീഫ് എൻജിനീയറായിരുന്ന അച്ഛൻ ഭരതൻ ഏങ്ങൂരിനും അമ്മ ഗിൽസയ്ക്കും ആര്യയുടെ മൃഗസ്നേഹത്തോട് തെല്ലും എതിരഭിപ്രായമില്ല, സാമ്പത്തിക നഷ്ടങ്ങളേറെയുണ്ടെങ്കിലും. സഹോദരി മഞ്ജുലക്ഷ്മിയും സഹോദരൻ ആസ്റ്റർ മെഡിസിറ്റിയിലെ ഡോ. വൈശാഖും ഭർത്താവ് മുകിലുമെല്ലാം ആര്യയുടെ ലക്ഷ്യങ്ങൾക്കൊപ്പം നിലകൊളളുന്നു.

എ.ബി.സി. കൃത്യമായി നടപ്പാക്കുന്നുണ്ടോ?

എ.ബി.സി ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഭൂരിപക്ഷത്തിന്റെ മറുപടി. അതിനുളള കാരണം, തെരുവിൽ പെറ്റുപെരുകുന്ന നായ്ക്കളാണ്. കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ഇങ്ങനെ നായക്കുഞ്ഞുങ്ങൾ കാണില്ലായിരുന്നു. അപ്പോൾ, എ.ബി.സി. നടപ്പാക്കിയിട്ടും നായ്ക്കൾ പെരുകുന്നുണ്ട് എന്നതാണ് വസ്തുത. പേവിഷബാധയുളള നായ്ക്കളും കൂടുകയാണ്. പേ വിഷബാധ ഡോക്ടർമാർ സ്ഥിരീകരിച്ചാൽ തല്ലിക്കൊല്ലുക എന്നതല്ല ചെയ്യേണ്ടത്. അവയെ പിടികൂടി സ്വാഭാവിക മരണത്തിന് വിധേയമാക്കണം. മിക്സ് ബ്രീഡായ നായ്ക്കുഞ്ഞുങ്ങളേയും പ്രായാധിക്യത്തിന്റെ അവശതയുളളവയേയും തെരുവിൽ ഉപേക്ഷിക്കുന്നതും ഭക്ഷണമാലിന്യങ്ങളും പ്രതിസന്ധിയാകുന്നുണ്ടെന്നും ആര്യ പറയുന്നു.

'എൻഡി'ന് തുടക്കത്തിലേ എൻഡ്

തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാനായി കുഞ്ഞുപ്രായത്തിൽ തന്നെ വന്ധ്യംകരിച്ച് ഇണക്കി വളർത്തുന്ന ഏർളി ന്യൂട്ടറിംഗ് ഇൻ ഡോഗ്‌സ് (എൻഡ്) പദ്ധതി തുടക്കത്തിലേ നിലച്ചു. നിലവിലുള്ള എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിക്കൊപ്പം എൻഡ് നടപ്പാക്കിയാൽ നായകൾ പെരുകുന്നത് അഞ്ച് വർഷത്തിനകം നിയന്ത്രിക്കാമായിരുന്നു. പക്ഷേ പദ്ധതി ഏറ്റെടുക്കാനും തുടരാനും സർക്കാർ തയ്യാറായില്ല. വിദേശത്തെ പോലെ വന്ധ്യംകരിച്ച നായ്ക്കുട്ടികളെ ദത്ത് നൽകുന്ന 'എൻഡ്' പദ്ധതിയുടെ പ്രയോക്താവും പ്രചാരകനുമായിരുന്ന ഡോ. എം.കെ. നാരായണൻ പദ്ധതി 2010ലാണ് നടപ്പാക്കിയത്. എട്ട് മുതൽ 12 ആഴ്ചവരെ പ്രായമുള്ള നായ്ക്കുട്ടികളെ വന്ധ്യംകരിച്ച് ആവശ്യക്കാർക്ക് നൽകി. ഇത്തരം അൻപതോളം നായ്‌ക്കുഞ്ഞുങ്ങൾ വീടുകളിൽ വളർന്നു. നായക്കുട്ടികളായതിനാൽ ശസ്ത്രക്രിയയും പരിചരണവും ഫലപ്രദമാണ്. ചെലവ് തുച്ഛം.

ഈ പദ്ധതിയുടെ ജീവസാക്ഷ്യമായിരുന്ന തെരുവുനായ ആയിരുന്നു റോസി. വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള കൊക്കാലെ മൃഗാശുപത്രിയിലെ പൊന്നോമനയായി ഒന്നരപതിറ്റാണ്ട് കഴിഞ്ഞിരുന്ന അവൾ കഴിഞ്ഞ ദിവസമാണ് സ്വാഭാവിക മരണത്തിന് കീഴടങ്ങിയത്. തെരുവിൽ വളരേണ്ടിയിരുന്ന നായയാണ് റോസി. അങ്ങനെയായിരുന്നെങ്കിൽ ഇക്കാലത്തിനിടയിൽ അവളുടെ സന്തതി പരമ്പരയിൽ നൂറുകണക്കിന് നായകൾ നിരവധി വഴിയോരങ്ങളിൽ വാഴുമായിരുന്നു. സംസ്ഥാനത്ത് ആദ്യമായി എൻഡ് പദ്ധതി കൊക്കാലെ ആശുപത്രിയിൽ തുടങ്ങിയപ്പോൾ നിരവധി നായക്കുഞ്ഞുങ്ങളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ് നടത്തി. ആ കുഞ്ഞുങ്ങളെ പലരും ദത്തെടുത്തു. ഒന്നുമാത്രം ശേഷിച്ചു. ആ കുഞ്ഞായിരുന്നു റോസി.

ആശുപത്രി പരിസരത്തായിരുന്നു അവളുടെ ജീവിതം. ജീവനക്കാർ ഭക്ഷണം നൽകി 'റോസി' എന്ന് ഓമനപ്പേര് വിളിച്ചു. ചങ്ങല പോലുമില്ലാതെ അവൾ വളർന്നു. രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് കൂട്ടായി. നഗരവാസികൾക്ക് കാവലായി, എപ്പോഴും ആശുപത്രി മുറ്റത്തുണ്ടാകും. തൃശൂർ പൂരത്തിന് വെടിക്കെട്ട് നടക്കുമ്പോൾ മാത്രം വാൽചുരുട്ടി പതുങ്ങും. അങ്ങനെയൊക്കൊയിരുന്നു റോസിയുടെ ജീവിതം.

എൻഡ് പദ്ധതി വിജയമാണെന്ന് തെളിയിച്ചാണ് റോസിയുടെ മടക്കം. റോസിയെ തെരുവിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ പന്ത്രണ്ടുവർഷം വർഷത്തിൽ രണ്ട് തവണ വീതം ആറുമുതൽ എട്ടുവരെ കുട്ടികളെ പ്രസവിക്കുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുളള ഫലപ്രദമായ മാർഗം എൻഡ് പദ്ധതിയാണെന്ന് പൂക്കോട് കോളേജ് ഒഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് മുൻ ഡീൻ ഡോ. എം.കെ. നാരായണൻ വ്യക്തമാക്കുന്നു. മാർഗം ഏതായാലും ശാശ്വത പരിഹാരം ഇക്കാര്യത്തിൽ ഉണ്ടായേ തീരൂ.