സർവ്വീസ് റോഡുകളിൽ കുടുങ്ങി ജനജീവിതം

Thursday 21 August 2025 4:18 AM IST

643 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും പണിയുന്ന ദേശീയപാത 66ന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിനൊപ്പം ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. ഓണത്തിരക്കിൽ വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ സർവീസ് റോഡുകളിലാണ് കുരുക്ക് കൂടുതൽ. പ്രധാന ജംഗ്ഷനുകൾ കടന്നുകിട്ടാൻ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കുകയോ നിരങ്ങി നീങ്ങുകയോ ചെയ്യേണ്ട അവസ്ഥയാണ്. തോരാതെ പെയ്യുന്ന മഴകൂടിയായതോടെ സർവീസ് റോഡുകൾ മിക്കയിടത്തും തകർന്ന് ഗർത്തങ്ങൾ രൂപപ്പെട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ അകപ്പെടാതെ പ്രധാന റോഡിലൂടെ പോകാമെങ്കിലും പലയിടത്തും പ്രധാന റോഡ് നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഗതാഗതത്തിന് തുറന്നു നൽകിയിട്ടില്ല. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകളടക്കം ട്രാഫിക് കുരുക്കിൽ പെട്ട് കിടക്കുന്നതു മൂലം യാത്രക്കാർ എത്തുന്നത് മണിക്കൂറുകൾ വൈകിയാണ്. വീതിയില്ലാത്ത സർവീസ് റോഡുകളിൽ ഗതാഗതം കുരുങ്ങുമ്പോൾ വലിയൊരു വിഭാഗം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുന്നു. ഉപറോഡുകളിലൂടെ ദേശീയപാതയുടെ സർവീസ് റോഡുകളിലേക്ക് കയറേണ്ട വലിയ വാഹനങ്ങൾക്കുള്ള പ്രവേശനവും പ്രതിസന്ധിയിലാണ്. സർവീസ് റോഡരികിലെയും ജംഗ്ഷനുകളിലെയും കച്ചവട സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയാണ് നേരിടുന്നത്. കടകളുടെ മുന്നിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും പാർക്ക് ചെയ്യാൻ ഇടമില്ല. കാറിലോ മറ്റു വാഹനങ്ങളിലോ എത്തുന്നവരൊന്നും ഈ കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തി നോക്കുന്നു പോലുമില്ലെന്നാണ് വ്യാപാരികളുടെ ആവലാതി. ഓട ഉൾപ്പെട്ട യൂട്ടിലിറ്റി ഏരിയ സഹിതം 7 മീറ്ററാണ് സർവീസ് റോഡിന്റെ വീതി. ഇതിൽ കുറവ് വീതിയുള്ള ഇടങ്ങളുമുണ്ട്. കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ, ചാത്തന്നൂർ ഊറാംവിള എന്നീ അടിപ്പാതകൾക്ക് മുകൾ ഭാഗം മാത്രമാണ് ഗതാഗതത്തിനായി തുറന്നു നൽകിയിട്ടുള്ളത്. ബാക്കി അടിപ്പാതകളും ഫ്ളൈഓവറുകളുമുള്ള എല്ലാ സ്ഥലത്തും സർവീസ് റോഡ് വഴിയാണ് ഗതാഗതം. വലിയ വാഹനങ്ങൾ മുന്നിൽ പോയാൽ ഓവർടേക്ക് ചെയ്യാൻ പിന്നാലെ പോകുന്ന വാഹനങ്ങൾക്ക് കഴിയില്ല. ഗതാഗതക്കുരുക്കിന് ഇതും ഒരു കാരണമാണ്. അശാസ്ത്രീയമായ ഓട നിർമ്മാണം മൂലം മഴവെള്ളം ഒഴുകിപ്പോകാതെ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെടുന്നു.

ഇഴഞ്ഞ് ഫ്ളൈ ഓവർ നിർമ്മാണം

ജില്ലയിൽ ഏറ്റവും നീളമേറിയ ഫ്ളൈഓവർ കരുനാഗപ്പള്ളിയിലാണ്. രണ്ടുകിലോമീറ്ററോളം നീളമുള്ള ഫ്ളൈഓവറിന്റെ 50 ശതമാനം പണികൾ പോലും പൂർത്തിയായിട്ടില്ല. ഏത് സമയത്തും തിരക്കേറിയ ടൗൺ കൂടിയായ കരുനാഗപ്പള്ളിയിലാണ് ഏറ്റവുമധികം ഗതാഗതകുരുക്കും അനുഭവപ്പെടുന്നത്. സർവീസ് റോഡരികിൽ പൊടിപൊടിക്കുന്ന വഴിയോരക്കച്ചവടവും വാഹന പാർക്കിംഗും കൂടിയാകുമ്പോൾ മണിക്കൂറുകളാണ് ഇവിടം കടന്നുകിട്ടാൻ വേണ്ടിവരുന്നത്. ലാലാജി ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെ ഓപ്പൺ പില്ലർ ഫ്ളൈഓവർ നിർമ്മാണമാണ് നടക്കുന്നത്. ദേശീയപാതയുടെ മദ്ധ്യഭാഗത്താണ് ഫ്ളൈ ഓവർ നിർമ്മാണം എന്നതിനാൽ ഇരുവശത്തെയും വീതികുറഞ്ഞ സർവീസ് റോഡ് വഴിയാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം ഇഴയുന്നതിനാൽ ഇവിടെയെല്ലാം സർവീസ് റോഡുകൾ മാത്രമാണ് ആശ്രയം. പലയിടത്തും മാസങ്ങൾക്ക് മുമ്പേ പണിതീർന്ന അടിപ്പാതകളുടെ അശാസ്ത്രീയ നിർമ്മാണം മൂലം ഇതിനടിയിലൂടെ പോകുന്ന വലിയ വാഹനങ്ങൾക്ക് ഒരു സൈഡിൽ നിന്ന് മറുസൈഡിലെത്താൻ മുന്നോട്ടും പിന്നോട്ടും എടുക്കേണ്ട സ്ഥിതിയാണ്. ഉമയനല്ലൂർ, ചാത്തന്നൂർ തിരുമുക്ക്, പാരിപ്പള്ളി മുക്കട ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാനം തെറ്റി നിർമ്മിച്ച അടിപ്പാതകളാണ് അശാസ്ത്രീയ നിർമ്മാണമെന്ന പഴി കേൾപ്പിക്കുന്നത്. ചാത്തന്നൂർ തിരുമുക്കിൽ പരവൂരിൽ നിന്ന് വരുന്ന സ്വകാര്യ ബസുകൾക്ക് കൊട്ടിയം ഭാഗത്തേക്കും തുരങ്കപാത കടന്ന് ചാത്തന്നൂരിലേക്കും പോകാൻ പെടാപ്പാട് പെടണം. സർവീസ് റോഡുകൾക്ക് വീതി കുറവായതിനാൽ തുരങ്കപാതയിലേക്ക് കയറാനും ഇറങ്ങാനും പലതവണ മുന്നോട്ടും പിന്നോട്ടും എടുക്കേണ്ടി വരുമ്പോൾ മറ്റു വാഹനങ്ങൾ നിറുത്തിയിടേണ്ടി വരും. പാരിപ്പള്ളി മുക്കട ജംഗ്ഷനിൽ നിന്ന് വർക്കലയിലേക്കും ശിവഗിരിയിലേക്കും പോകാൻ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ശിവഗിരിയിലെ സ്വാമിമാരടക്കം നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് അവിടെ അടിപ്പാത നിർമ്മിച്ചത്. എന്നാൽ വർക്കലയിലേക്ക് തിരിയുന്ന റോഡിൽ നിന്ന് 75 മീറ്ററോളം അകലെ അടിപ്പാത നിർമ്മിച്ചതുമൂലം കൊല്ലം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് ശിവഗിരിയിലേക്ക് പോകാൻ അടിപ്പാത കയറി മറുവശത്ത് ഇത്രയും ദൂരം സർവീസ് റോഡിലൂടെ ഓടിയ ശേഷമേ വർക്കല, ശിവഗിരി റോഡിലേക്ക് കടക്കാൻ കഴിയുകയുള്ളു. ചാത്തന്നൂർ തിരുമുക്കിലെ അടിപ്പാത കൂടുതൽ സൗകര്യങ്ങളോടെ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്.

വേട്ടുതറയിലും

അടിപ്പാതയ്ക്കായി സമരം

ചവറ തെക്കുംഭാഗം, തേവലക്കര, ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലേക്കുള്ള പ്രധാന റോഡ് തുടങ്ങുന്ന വേട്ടുതറയിൽ അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് ജനകീയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മൂന്നുമാസത്തോളം സമരം ചെയ്തിരുന്നു. ഒടുവിൽ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് ഇവിടെ അടിപ്പാത അനുവദിച്ചതായി എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചതോടെ സമരം താത്ക്കാലികമായി നിറുത്തിവച്ചു. ദേശീയപാത നിർമ്മാണം അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് അടിപ്പാത വേണമെന്ന ആവശ്യം ശക്തമായത്. സമരം പിൻവലിച്ചെങ്കിലും അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. ജില്ലയിൽ കാവനാട് മുതൽ ഓച്ചിറ വരെയുള്ള ഭാഗത്ത് പ്രധാന റോഡ് നിർമ്മാണം ഒരിടത്തും പൂർത്തിയായിട്ടില്ല. എല്ലായിടത്തും സർവീസ് റോഡ് വഴിയാണ് ഗതാഗതം. നീണ്ടകരയിൽ നിലവിലുള്ള പാലത്തിന് ഇരുവശത്തുമായി നിർമ്മിക്കുന്ന പുതിയ പാലങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. നിലവിലുള്ള പാലത്തിന് ഇരുവശത്തുമായി രണ്ട് പുതിയ പാലങ്ങൾ നിർമ്മിക്കുന്ന മറ്റൊരു സ്ഥലം ഇത്തിക്കരയാണ്. ഇവിടെ പാലങ്ങളുടെ നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിർമ്മാണം തുടങ്ങിയിട്ടില്ല.

സർവീസ് റോഡിലൂടെ

ഇരുഭാഗത്തേക്കും ഗതാഗതം

ദേശീയപാതയിലെ സർവീസ് റോഡുകളിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് പോകാമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കാസർകോട് സ്വദേശി കെ.എം വെങ്കട്ടഗിരി അതോറിറ്റിക്ക് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോറിറ്റി ഇക്കാര്യം വ്യക്തമാക്കുമ്പോഴും ഇത് എത്രത്തോളം പ്രായോഗികമാകുമെന്നും കണ്ടറിയേണ്ടതാണ്. നിലവിൽ നിർമ്മാണം പുരോഗമിക്കുന്നതിനാൽ സർവീസ് റോഡ് വഴി ഒരു ദിശയിലേക്ക് മാത്രമാണ് ഗതാഗതം അനുവദിക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയാകുമ്പോഴാണ് ഇരുദിശയിലേക്കും വാഹന ഗതാഗതം ആകാമെന്ന് അതോറിറ്റി വ്യക്തമാക്കുന്നത്. എന്നാൽ നിലവിൽ 7 മീറ്റർ വേണ്ട സർവീസ് റോഡിന് പലയിടത്തും അത്രയും പോലും വീതിയില്ല. മുന്നിൽ പോകുന്ന വാഹനത്തെ മറികടക്കാൻ പോലുമുള്ള സ്ഥലം പലയിടത്തും ഇല്ലെന്നിരിക്കെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചാൽ രൂക്ഷമായ ഗതാഗതകുരുക്കിനാകും സർവീസ് റോഡുകൾ സാക്ഷ്യം വഹിക്കുക. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയപാത 60 മീറ്ററിലും അതിനു മുകളിലുമാണെങ്കിലും കേരളത്തിൽ 45 മീറ്റർ വീതിയിലാണ് ദേശീയപാത. ഇതിൽ 36.5 മീറ്ററാണ് പ്രധാന റോഡിന്റെ വീതി. സർവീസ് റോഡിന് 7 മീറ്ററും യൂട്ടിലിറ്റി ഏരിയ 1.5 മീറ്ററുമാണെന്ന് പറയുന്നെങ്കിലും പലയിടത്തും ഇത്രയും വീതിയില്ല. സ്ഥലമേറ്റെടുത്തപ്പോൾ ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കാത്തതാണ് ഇതിനു കാരണം. പ്രധാന ജംഗ്ഷനുകളിലൊന്നും ബസ്ബേ, ആട്ടോ, ടാക്സി സ്റ്റാൻഡ് എന്നിവയ്ക്ക് നിലവിൽ സ്ഥലമില്ല. റോഡ് നിർമ്മാണം പൂർത്തിയായാലും ഇതിനായി പുതുതായി സ്ഥലം ഏറ്റെടുത്തില്ലെങ്കിൽ ജംഗ്ഷനുകളെല്ലാം ഗതാഗതകുരുക്കിൽപ്പെട്ട് നട്ടം തിരിയുമെന്നത് ഉറപ്പാണ്.