ലഹരിക്കെതിരെ നടപടി: ഏഴ് മാസത്തിനിടെ പിടിയിലായത് 1,179 പേര്‍

Thursday 21 August 2025 12:38 AM IST

കോഴിക്കോട്: ലഹരിക്കെതിരെ ശക്തമായ നടപടികളുമായി എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179 പേരെ പിടികൂടി. കോട്പ ആക്ട് പ്രകാരം 5,08,400 രൂപ പിഴയീടാക്കി.

ഏഴ് മാസത്തിനെ 5,590 റൈയ്ഡുകളും 114 സംയുക്ത പരിശോധനകളുമാണ് നടത്തിയത്. 1,074 അബ്കാരി കേസുകളും 449 എന്‍.ഡി.പി.എസ് കേസുകളും 2551 കോട്പ ആക്ട് പ്രകാരമുള്ള കേസുകളുമെടുത്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന 1,82,590 രൂപയും 26 മൊബൈല്‍ ഫോണുകളും 98 വാഹനങ്ങളും പിടികൂടി.

34,063 വാഹനങ്ങള്‍ പരിശോധിച്ച് 97 വാഹനങ്ങള്‍ കണ്ടുകെട്ടി. 84 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ പരിശോധിച്ചു. 115.036 കിലോ കഞ്ചാവും 395.954 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി. 18 കഞ്ചാവ് ചെടി നശിപ്പിച്ചു.

വിവിധ മദ്യ ലൈസന്‍സി സ്ഥാപനങ്ങളില്‍ നിന്ന് 523 സാമ്പിളുകള്‍ രാസപരിശോധനക്കയച്ചു. മൂന്ന് സാമ്പിളുകളിൽ കേസെടുത്തു. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ 3,474 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. സിന്തറ്റിക് ലഹരിയുള്‍പ്പെടെ പിടികൂടാന്‍ പൊലീസുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ നടത്തും.

പിടികൂടിയ മയക്കുമരുന്ന് (ഗ്രാം)

എം.ഡി.എം.എ....70.149

മെത്താഫിറ്റമിന്‍....865.102

ഹഷീഷ് ഓയില്‍....3

ഹെറോയിന്‍....35.955

ബ്രൗണ്‍ ഷുഗര്‍....11

ചരസ്....2

ഗഞ്ചാ ബാംഗ്....96.800

ഗഞ്ച ചോക്ലേറ്റ്....445

ഹൈബ്രിഡ് ഗഞ്ച....150

മദ്യം (ലിറ്റര്‍)

ചാരായം....473.1

വിദേശമദ്യം....3088.8

മാഹി മദ്യം....1652.570

വാഷ്....24351

ബിയര്‍....93.250