ഓണം വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ ഓണകനി വിളവെടുപ്പ് തുടങ്ങി
കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓണകനി പദ്ധതിയുടെ വിളവെടുപ്പ് വിവിധ സി.ഡി എസുകളിൽ ആരംഭിച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഓണ വിപണിയിൽ ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ എത്തിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഓണത്തിന് ആവശ്യമായ പച്ചക്കറികളുടെ ഉത്പ്പാദനം പദ്ധതി വഴി നടക്കുമെന്നാണ് കണക്കുകൂട്ടൽ.കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യവും ഈ കുടുംബശ്രീ പദ്ധതിക്കുണ്ട്. ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും പദ്ധതി പ്രധാന്യം നൽകുന്നു . സംയോജിത കൃഷി ക്ലസ്റ്ററിന്റെ നേതൃതത്തിൽ അരി, ചിപ്സ്, ന്യൂട്രി ബാറുകൾ , തുടങ്ങിയ വിവിധ മൂല്യ വർധന ഉത്പ്പനങ്ങളും വിപണിയിൽ എത്തിക്കും. തക്കാളി, കാരറ്റ്, ബീൻസ്, കാബേജ്, പയർ തുടങ്ങിയ പച്ചക്കറി വിളകൾക്ക് വലിയ പ്രധാന്യം കൊടുത്താണ് ഇക്കുറി കൃഷിയിറക്കിയിരിക്കുന്നത്. വാഴക്കൃഷി ഏറ്റെടുത്ത സംഘങ്ങൾ . നേന്ത്രൻ, റസ്തളി, മൊന്താൻ തുടങ്ങിയ പ്രധാന ഇനങ്ങാണ് കൃഷി ചെയ്യുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിസ്തൃതമായ കൃഷി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ പറഞ്ഞു.
5007 ജെ.എൽ.ജി ഗ്രൂപ്പുകൾ
17571 മഹിളാ കർഷകർ
847.24 ഹെക്ടർ കൃഷി
നൂറുമേനി ലക്ഷ്യമിട്ട്
486.3 ഏക്കർ പച്ചക്കറി
607.5 എക്കർ വാഴ
420 ഏക്കർ ചേന
221.5 ഏക്കർ ചേമ്പ്
155.8 ഏക്കർ ഇഞ്ചി
202.5 ഏക്കർ പൂകൃഷി
പ്രത്യേക വിപണന പദ്ധതികൾഓണം സീസണിനെ ലക്ഷ്യമാക്കി പ്രത്യേക വിപണന പദ്ധതികളും അനുബന്ധമായി തയ്യാറാക്കിയിട്ടുണ്ട്. വിളകൾ വിപണിയിലെത്തിക്കാനുള്ള സംവിധാനം കുടുംബശ്രീ ജില്ലാ മിഷൻ ഏകോപിപ്പിക്കും.
മാലൂരിൽ വിളവെടുപ്പ് തുടങ്ങി
മാലൂർ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഒണക്കനി പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമവതി നിർവഹിച്ചു.ഹരിതകം ജെ. എൽ. ജി വാർഡ് പത്ത് കുണ്ടേരി പൊയിൽ മാനത്താനത്തായിരുന്നു വിളവെടുപ്പ് . കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ പദ്ധതി വിശദീകരണം നടത്തി.
ഐ.എഫ്.സി സീനിയർ സി.ആർ.പി ധനിഷ ഷനോജിന്റെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി തയ്യാറാക്കിയത്.