ടോയ്‌ലെറ്റില്‍ ഇരിക്കുമ്പോള്‍ വാതില്‍ ബലമായി തുറന്നു; കോ പൈലറ്റിനെതിരെ പരാതിയുമായി യാത്രക്കാരി

Wednesday 20 August 2025 9:18 PM IST

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി മുംബയ് സ്വദേശി രംഗത്ത്. ഇന്‍ഡിഗോ വിമാനത്തിനുള്ളിലെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനിടെ വിമാനത്തിലെ സഹ പൈലറ്റ് ബലം പ്രയോഗിച്ച് വാതില്‍ തുറന്നുവെന്നാണ് പരാതി. സേഫ്ഗോള്‍ഡ് സഹസ്ഥാപക റിയ ചാറ്റര്‍ജിയാണ് തനിക്കുണ്ടായ ദുരനുഭവം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. വിമാനം പറന്നുയരുന്നതിന് മുമ്പായിരുന്നു ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് യുവതി പറയുന്നു.

ആദ്യം വാതിലില്‍ മുട്ടുകയാണ് ചെയ്തത്. പല തവണ മുട്ടിയപ്പോള്‍ പ്രതികരിച്ചുവെന്നും പിന്നീട് ബലം പ്രയോഗിച്ച് വാതില്‍ തുറന്നതിന് ശേഷം തന്നെ കണ്ടപ്പോള്‍ വാതില്‍ പൂട്ടുകയാണ് ചെയ്തതെന്നും റിയ പറയുന്നു. തനിക്ക് ഒരേസമയം ഞെട്ടലും അപമാനവുമുണ്ടായതായി റിയ പറഞ്ഞു. വിമാനത്തിലെ വനിതാ ജീവനക്കാര്‍ സംഭവത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. അവര്‍ താന്‍ നേരിട്ട അനുഭവത്തില്‍ ക്ഷമാപണം നടത്തി.

എന്നാല്‍, തനിക്ക് അവിടെനിന്ന് ഓടിരക്ഷപ്പെടാനാണ് തോന്നിയതെന്നും എന്നാല്‍ തുടര്‍ന്നും സീറ്റില്‍ ഒന്നരമണിക്കൂര്‍ തനിക്ക് തുടരേണ്ടിവന്നെന്നും റിയ ചൂണ്ടിക്കാട്ടി. ആ ഒന്നരമണിക്കൂര്‍ നേരം താന്‍ അദൃശ്യയായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ആഗ്രഹിച്ചതായും അവര്‍ ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു. സംഭവത്തില്‍ ക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ഒരു ക്രൂ അംഗത്തില്‍നിന്ന് അബദ്ധവശാല്‍ നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ക്ഷമചോദിക്കുന്നെന്ന് ഇന്‍ഡിഗോ പ്രതികരിച്ചു.