പുലി, ആന, പന്നി, കരടി... മലയോരമേഖല ഭീതിയിൽ

Thursday 21 August 2025 1:02 AM IST

പാലോട്: ജനവാസ മേഖലയിൽ കാട്ടുപന്നിയും ആനയുമാണ് ഭീതിയിലാഴ്ത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുലിയേയും പേടിക്കേണ്ട അവസ്ഥയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച വെങ്കിട്ട മൂട്ടിൽ നിന്നും പോത്തിനെ കൊന്നതാണ് അവസാന സംഭവം. ആദിച്ച കോണിലെ ഈച്ചൂട്ടി കാണിയുടെ വീട്ടിൽ നിന്നും രണ്ടു വളർത്തുനായ്ക്കളെയാണ് പുലി പിടിച്ചത്. വെങ്കിട്ടയിൽ ഗിരിജയുടെ വീട്ടിലെ പശുവിനെ പിടികൂടാൻ പുലി എത്തിയെങ്കിലും വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കാട്ടിലേക്ക് മറഞ്ഞു. മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ നിന്നും ജസ്റ്റിന്റെ വീട്ടിലെ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയെ പുലി പിടിച്ചു കൊണ്ടുപോയി. ചീനിമുക്ക് ലെയിനിൽ രാജേന്ദ്രന്റെ നാടൻ നായയെയും പുലി ഭക്ഷണമാക്കിയിരുന്നു.

കാട്ടാന ആക്രമണവും

വേങ്കൊല്ല ശാസ്താംനട സ്വദേശി ബാബുവിനെ മരത്തിലടിച്ച് കൊന്നതിന്റെ ഭീതി മാറും മുൻപാണ്, അടുത്തിടെ വേങ്കൊല്ല ചെക്ക് പോസ്റ്റിന് സമീപം രണ്ട് യുവാക്കളെ കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.45 മണിയോടെ ഇടവത്തു വച്ച് കോളച്ചൽ നാല് സെന്റ് കോളനിയിൽ താമസക്കാരനായ ബൈജുവിനെ ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ചിട്ടു.ഗുരുതരമായി പരിക്കേറ്റ ബൈജു ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബൈക്ക് പൂർണ്ണമായും തകർന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലകളിൽ കാട്ടാനയുടെ താണ്ഡവമാണ്. ഓണക്കാലത്തിനായി കരുതിയ പച്ചക്കറിയടക്കം കാട്ടാന നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. അടിയന്തരമായി ക്യാമറയും കൂടും സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.