യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

Thursday 21 August 2025 1:30 AM IST

കാട്ടാക്കട:പെട്രോൾ പമ്പിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ.മൈലോട്ടുമൂഴി സ്വദേശിയായ യുവാവിനെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകൾക്കകം വഴിയിലുപേക്ഷിച്ച് മുങ്ങിയ സംഘത്തിലെ അഞ്ചാം പ്രതിയായ ഒറ്റശേഖരമംഗലം ചേനാട് ഇടക്കോണത്ത് വീട്ടിൽ വിഷ്ണു(31)ആണ് പിടിയിലായത്. ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചായ്ക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജുവിനെ(36)നെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.കള്ളിക്കാട് പെട്രോൾ പമ്പിൽ നിന്നും അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയെന്ന് ബിജുവിന്റെ ഭാര്യ കാട്ടാക്കട പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.എന്നാൽ മണിക്കൂറുകൾക്കകം തട്ടിക്കൊണ്ടുപോയവർ ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. സംഭവം അറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ബിജുവിനെ രാത്രിയോടെ കാട്ടാക്കടയിൽ എത്തിച്ചു.ശേഷം ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിസയുമായി ബന്ധപ്പെട്ട വിഷയമാണ് തട്ടിക്കൊണ്ടുപോകലിൽ എത്തിയത്.