ഗൾഫ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ ഓണക്കാലത്ത് പിഴിച്ചിൽ

Wednesday 20 August 2025 9:40 PM IST

മട്ടന്നൂർ: ഗൾഫിലെ അവധിയും ഓണക്കാലവും ലക്ഷ്യമിട്ട് പതിവുപോലെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഗൾഫിലെ സ്‌കൂൾ അവധിക്കാലം കഴിഞ്ഞ് തിരിച്ചുപോകുന്ന പ്രവാസികളെ പിഴിയാൻ നിരക്കിൽ മൂന്നിരട്ടിയോളം വർദ്ധനവാണ് വരുത്തിയത്. ഇനി ഓണക്കാലം കഴിയുന്നത് വരെ നിരക്ക് ഉയർന്നുതന്നെ നിൽക്കും. എല്ലാ വർഷവും തുടരുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയെക്കുറിച്ച് പാർലമെന്റിൽ ഉൾപ്പടെ ഉന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല.

ആഗസ്റ്റ് , സെപ്തംബർ മാസങ്ങളിൽ സാധാരണ നിരക്കിൽ നിന്നും മൂന്നും നാലും മടങ്ങായി നിരക്ക് ഉയർത്തുന്നത് പതിവാണ്. സാധാരണയായി 8000 മുതൽ 12000 രൂപയ്ക്ക് വരെ ലഭ്യമാകുന്ന ഗൾഫ് ടിക്കറ്റിന് ഇപ്പോൾ 30,000 മുതൽ 50,000 രൂപ വരെ നൽകണം. നാട്ടിലെത്തിയ നാലംഗ കുടുംബത്തിന് തിരിച്ചുപോകാൻ രണ്ടു ലക്ഷം രൂപയോളം ചെലവാകും. ഓണം സീസൺ കണക്കിലെടുത്ത് സെപ്തംബറിൽ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും കുത്തനെ ഉയരും. ക്രിസ്മസ്, പുതുവർഷ സീസണുകളിലും സമാനമായി യാത്രാനിരക്ക് വർദ്ധിപ്പിക്കും.

കണ്ണൂരിൽ പിന്നെയും കൂടും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളേക്കാൾ സർവീസുകൾ കുറവായതിനാൽ കണ്ണൂരിൽ നിന്നുള്ള യാത്രയ്ക്ക് കൂടുതൽ തുക ചെലവിടേണ്ടിവരും. കണ്ണൂരിൽ നിന്ന് ദുബായ്,ഷാർജ സെക്ടറുകളിലേക്ക് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്. ദോഹ,മസ്‌ക്കറ്റ്,അബുദാബി എന്നിവിടങ്ങളിലേക്ക് എയർഇന്ത്യ എക്സ്പ്രസിനും ഇൻഡിഗോയ്ക്കും സർവീസുകളുണ്ട്.

കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് യാത്രാനിരക്ക്

കണ്ണൂർ-ദുബായ് ₹36,791 രൂപ കണ്ണൂർ-ഷാർജ ₹36,640 കണ്ണൂർ-ദോഹ ₹40,926 കണ്ണൂർ-മസ്‌ക്കറ്റ് ₹25814