'ഈഡിസിനും ഓണപ്പരീക്ഷ ' ക്യാമ്പയിന് തുടക്കം

Thursday 21 August 2025 12:39 AM IST

ആലപ്പുഴ: കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം നല്ലമാതൃകയാണെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു. കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ‘ഈഡിസിനും ഓണപരീക്ഷ’ ക്യാമ്പയിൻ പ്രഖ്യാപനവും പുന്നപ്ര കേപ്പ് കോളേജിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 12,500 യു.പി സ്കൂൾ വിദ്യാർത്ഥികൾ ഓണാവധിക്കാലത്ത് മുൻകൂട്ടി തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ മാതൃകയിലുള്ള ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

ചടങ്ങിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സജീവൻ അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ് ദിനാചരണ സന്ദേശം നൽകി. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ.സേതുനാഥ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് എന്റമോളജിസ്റ്റ് ഡാലിയ ജോർജ്ജ്, ഹെൽത്ത് സൂപ്പർവൈസർ ബി.സന്തോഷ് എന്നിവർ വിഷയാവതരണം നടത്തി. ഡോ. കോശി സി.പണിക്കർ, ഡോ.പാർവ്വതി പ്രസാദ്, ഡോ.ബിന്ദുപ്രിയ, പ്രൊഫ.റൂബി ജോൺ, ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ ഓഫീസർ ആർ.സന്തോഷ് കുമാർ, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ജി.രജനി, ടെക്നിക്കൽ അസിസ്റ്റന്റ് സി.ആർ.ബിജു തുടങ്ങിയവർ പങ്കെടുത്തു. കൊതുക് നിർമ്മാർജ്ജന സാമഗ്രികളുടെ പ്രദർശനം, തത്സമയ പ്രശ്നോത്തരി എന്നിവയും നടന്നു. വാടയ്ക്കൽ ഗുരുമന്ദിരം ജംഗ്ഷന് സമീപം നടന്ന ബോധവത്ക്കരണ റാലി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത ഫ്ലാഗ് ഒഫ് ചെയ്തു.