കല്യാണച്ചടങ്ങിൽ പങ്കെടുത്തതിലെ അച്ചടക്ക നടപടി പിൻവലിച്ചു ; പെരിയയിലെ നാല് നേതാക്കളെ തിരിച്ചെടുത്ത് കോൺഗ്രസ്
കാസർകോട്:കല്ല്യോട്ടെ ഇരട്ടക്കൊലക്കേസിൽ പ്രതിയായ സി.പി.എം ലോക്കൽസെക്രട്ടറിയുടെ മകന്റെ കല്യാണത്തിൽ പങ്കെടുത്തതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട കെ.പി.സി.സി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഉദുമ ബ്ലോക്ക് മുൻ പ്രസിഡന്റ് സി രാജൻ പെരിയ, പെരിയ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.രാമകൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവരെ തിരിച്ചെടുത്ത് കോൺഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ കത്ത് മുഖേനയാണ് ഇക്കാര്യം ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസലിനെ അറിയിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള ഈ നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെത്തിച്ചത്. തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഉന്നത തലങ്ങളിൽ പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.
അച്ചടക്കനടപടിയെടുക്കാൻ ശക്തമായ ഇടപെടൽ നടത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ കൂടി സമ്മതത്തോടെയാണ് നേതാക്കളെ തിരിച്ചെടുത്തത്. ഉണ്ണിത്താൻ ഇപ്പോൾ അമേരിക്കയിലാണ്. പാർട്ടിയിലേക്ക് തിരിച്ചെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മുൻനിരയിലുണ്ടാകുമെന്നും രാജൻ പെരിയയും ബാലകൃഷ്ണൻ പെരിയയും പറഞ്ഞു.അച്ചടക്ക നടപടി എടുത്തിട്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയിലേക്കും ഈ നേതാക്കൾ പോയിരുന്നില്ല.പാർട്ടിക്ക് വിധേയമായി പ്രവർത്തിച്ചത് കണക്കിലെടുത്താണ് ഇവരുടെ മേൽ എടുത്ത നടപടി തിരുത്താൻ പിൻവലിച്ചതിന് പിന്നിൽ.