ട്രംപിന്റെ അധിക തീരുവ ഭീഷണി തള്ളി പുട്ടിൻ, ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ റഷ്യ എണ്ണ നൽകും

Wednesday 20 August 2025 10:10 PM IST

ന്യൂഡൽഹി : ഇന്ത്യക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന വാഗ്ദാനവുമായി റഷ്യ. ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് റഷ്യയുടെ നിലപാട് എന്നതും ശ്രദ്ധേയമാണ്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്‌ജെനി ഗ്രിവ വ്യക്തമാക്കി. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ- റഷ്യ ഊർജ സഹകരണം തുടരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയിനിലെ കൂട്ടക്കൊലയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടയിലും റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യക്കെതിരെ ട്രംപ് തീരുവ ഏർപ്പെടുത്തിയത്. 25 ശതമാനം തീരുവയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ട്രംപിന്റെ നിർദ്ദേശം അംഗീകരിക്കാത്തതിനെ തുടർന്ന് 25 ശതമാനം കൂടി അധികമായി ചുമത്തുകയായിരുന്നു. ജൂലായ് 30നാണ് ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കയറ്റി അയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ആദ്യ പ്രഖ്യാപനമുണ്ടായത്.