ജയിലിലാകുന്ന മന്ത്രി പുറത്ത് , കടുത്ത എതിർപ്പിനിടെ ബിൽ ലോക്‌സഭയിൽ
കൈയാങ്കളി, ജെ.പി.സിക്ക് വിട്ടു ലക്ഷ്യം തങ്ങളെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യത്തിന് ഒരുമാസം തടവിലായാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ അയോഗ്യരാക്കാനുള്ള വിവാദ ബിൽ പ്രതിപക്ഷ എതിർപ്പിനിടെ സർക്കാർ ലോക് സഭയിൽ അവതരിപ്പിച്ച് സംയുക്ത പാർലമെന്ററി സമിതിക്ക്(ജെ.പി.സി) വിട്ടു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.
കേന്ദ്ര ഏജൻസികൾവഴി കേസിൽ കുടുക്കി സംസ്ഥാനങ്ങളിലെ തങ്ങളുടെ സർക്കാരുകളെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് പ്രതിപക്ഷം അതിശക്തമായി എതിർത്തു. തെറ്റുകാരനെന്ന് തെളിയിക്കും വരെ ശിക്ഷ പാടില്ലെന്ന വ്യവസ്ഥയ്‌ക്ക് എതിരാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി.
ഭരണ - പ്രതിപക്ഷത്തിന്റെ കൈയാങ്കളിക്കും സഭ സാക്ഷ്യം വഹിച്ചു. തൃണമൂൽ അംഗങ്ങളായ കല്യാൺ ബാനർജി, മഹുവ മൊയ്‌ത്ര, മിതാലി ബാഗ് എന്നിവർ നടുത്തളത്തിലിറങ്ങി അമിത് ഷായുടെ ബിൽ അവതരണം തടസപ്പെടുത്താൻ ശ്രമിച്ചു.മഹുവ കടലാസ് കീറി മന്ത്രിയുടെ നേർക്കെറിഞ്ഞു. കല്യാൺ ബാനർജി അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് കയറാനും ശ്രമിച്ചു.
മന്ത്രിമാരായ കിരൺ റിജിജു, റവ്നീത് സിംഗ് ബിട്ടു എന്നിവരുടെ നേതൃത്വത്തിൽ അമിത് ഷായ്‌ക്ക് സംരക്ഷണം തീർത്തു. കൈയാങ്കളി തുടങ്ങിയതോടെ സ്‌പീക്കർ സഭ നിറുത്തിവച്ചു. ഒരു മണിക്കൂറിന് ശേഷം സമ്മേളിച്ചപ്പോൾ ഒന്നാം നിരയിൽ നിന്ന് മൂന്നാം നിരയിലേക്ക് മാറിയാണ് അമിത് ഷാ ബിൽ അവതരണം പൂർത്തിയാക്കിയത്.
അമിത് ഷാ ഗുജറാത്ത് മന്ത്രിയായിരിക്കെ കലാപക്കേസിൽ തടവിലായില്ലേയെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ ചോദിച്ചു. പ്രതിയായപ്പോൾ രാജിവച്ചെന്നും കോടതി കുറ്റവിമുക്തനാക്കിയപ്പോഴാണ് തിരിച്ചു വന്നതെന്നും ഷാ മറുപടി നൽകി. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി ഭരണഘടനാ 130ാം വകുപ്പ് ഭേദഗതിയും ജമ്മുകാശ്‌മീരിനും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേകമായി ഓരോ ബില്ലും അവതരിപ്പിച്ചു.
ബിൽ ജെ.പി.സിക്ക് വിട്ടെങ്കിലും സമിതി നിർദേശങ്ങൾക്ക് ഉപദേശക സ്വഭാവമേയുള്ളൂ. അവ സർക്കാർ സ്വീകരിക്കണമെന്നില്ല.
രാജിവച്ചില്ലെങ്കിൽ
31-ാം നാൾ അയോഗ്യത
അഞ്ച് വർഷമെങ്കിലും തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് മന്ത്രി 30 ദിവസം ജയിലിലായാൽ 31-ാം ദിവസം മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നീക്കം ചെയ്യണം.
മുഖ്യമന്ത്രി നിർദ്ദേശിച്ചില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്‌ടപ്പെടും. 30 ദിവസം തടവിലാകുന്നത് മുഖ്യമന്ത്രിയാണെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ അയോഗ്യത
കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രിയുടെ ശുപാർശയിൽ രാഷ്‌ട്രപതി നീക്കും. ഇല്ലെങ്കിൽ 31-ാം ദിവസം അയോഗ്യത. പ്രധാനമന്ത്രിയാണെങ്കിൽ 31-ാം ദിവസം രാജിവയ്‌ക്കണം. ഇല്ലെങ്കിൽ സ്വയം പുറത്താവും.
പുറത്തിറങ്ങി തിരിച്ചെത്താം,
പക്ഷേ, കസ്റ്റഡി നീളാം
# കസ്റ്റഡിയിൽ നിന്ന് മോചിതനായശേഷം അതേ സ്ഥാനത്തേക്ക് വീണ്ടും നിയമിക്കുന്നതിന് തടസമില്ല. പക്ഷേ, കസ്റ്റഡി മാസങ്ങളോളം നീളാം.
# അഞ്ച് മാസത്തിലേറെ ജയിലിൽ കിടന്നിട്ടാണ് ഡൽഹി മുൻ മുഖ്യമന്ത്രി കേജ്‌രിവാളിന് ജാമ്യം കിട്ടിയത്.
# മുഖ്യമന്ത്രിമാരെ അയോഗ്യരാക്കി പ്രതിപക്ഷ സർക്കാരുകളെ പുറത്താക്കാൻ ബിൽ വഴിതെളിക്കുമെന്നാണ് പ്രധാന അക്ഷേപം.
ബി.ജെ.പി ഇതര സർക്കാരുകളെ കേന്ദ്ര ഏജൻസികളെയുപയോഗിച്ചു വേട്ടയാടുന്നതിന്റെ തുടർച്ചയാണിത്. - മുഖ്യമന്ത്രി പിണറായി വിജയൻ