ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

Thursday 21 August 2025 12:21 AM IST

ന്യൂഡൽഹി: ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയെ ആക്രമിച്ച ഗുജറാത്ത് സ്വദേശി സാക്‌രിയ രാജേഷ് ഭായ് ഖിംജിയെ അറസ്റ്റുചെയ്‌തു. മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസിലെ ക്യാമ്പ് ഓഫീസിൽ ഇന്നലെ രാവിലെ 8.15ഓടെയായിരുന്നു ആക്രമണം.

രേഖാ ഗുപ്‌തയുടെ കൈയിൽ കടന്നുപിടിച്ച് വലിച്ചടുപ്പിക്കാൻ പ്രതി ശ്രമിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. മുഖ്യമന്ത്രിയുടെ കൈകൾക്കും തോളിനും തലയ്‌ക്കും പരിക്കുണ്ടെന്ന് മന്ത്രി പർവേഷ് വെർമ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാനെത്തിയവ‌ർ ചേർന്ന് കീഴ്പ്പെടുത്തിയ പ്രതിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. നിവേദനം സമർപ്പിക്കാനെന്ന വ്യാജേനയാണ് 41കാരനായ പ്രതി എത്തിയത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഡൽഹിയിലെ തെരുവുനായ്‌ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്രണമെന്ന സുപ്രീംകോടതി വിധിയിൽ നായപ്രേമിയായ മകൻ അസ്വസ്ഥനായിരുന്നുവെന്ന് പ്രതിയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.