ആലപ്പുഴയിൽ ബീച്ച് റൺ 24ന്; അസറുദ്ദീൻ മുഖ്യാതിഥി 

Thursday 21 August 2025 1:26 AM IST

ആലപ്പുഴ: 'സ്പോർട്സാണ് ലഹരി' എന്ന സന്ദേശവുമായി ആലപ്പുഴ കടപ്പുറത്ത് അത് ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിക്കുന്ന ബീച്ച് മാരത്തോണിന്റെ അഞ്ചാമത് എഡിഷൻ 24ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ ഇനങ്ങളിലായുള്ള 10 കിലോമീറ്റർ മാരത്തോൺ കെ.സി.വേണുഗോപാൽ എം.പി.യും, അഞ്ച് കിലോമീറ്റർ മാരത്തോൺ പി.പി.ചിത്തരഞ്ജൻ എം.എൽ.എയും, മൂന്ന് കിലോമീറ്റർ ഫൺ റൺ എച്ച്.സലാം എം.എൽ.എയും ഫ്ളാഗ് ഓഫ് ചെയ്യും. മത്സര വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും നൽകും .

മത്സരാത്ഥികൾക്കെല്ലാം ജേഴ്സിയും മെഡലും ഡിന്നറും സംഘാടകർ നൽകും. മാരത്തോണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി അത്ലറ്റിക്കോ ഡി പ്രസിഡൻ്റ് അഡ്വ .കുര്യൻ ജയിംസും, സെക്രട്ടറി യൂജിൻ ജോർജ്ജും അറിയിച്ചു. മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ എല്ലാം വൈദ്യസഹായം ഒരുക്കുന്നതിനായി കാർഡിയോളജിസ്റ്റ് ഡോ. തോമസ് മാത്യുവിന്റെയും, ഓർത്തോ സർജൻ ഡോ. ജഫേഴ്സണിന്റെയും നേതൃത്വത്തിൽ മെഡിക്കൽ ടീം സജ്ജമായിരിക്കും.വെള്ളവും ഭക്ഷണവും സംഘാടകർ ഒരുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളും രാജ്യം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളും മത്സരത്തിൽ പങ്കെടുക്കുന്നതിനായി പേരുകൾ രജിസ്റ്റർ ചെയ്തു. 92 വയസ്സുള്ള ശങ്കുണ്ണി 10 കിലോമീറ്റർ മാരത്തോണിൽ മത്സരാർത്ഥിയായി പങ്കെടുക്കും. രാത്രി 7 മണിക്ക് പരിപാടികൾ സമാപിക്കുമ്പോൾ സമ്മാനദാനം ജില്ലാ പൊലീസ് ചീഫ് മോഹനചന്ദ്രൻ നിർവഹിക്കും. പരി രജിസ്ട്രേഷൻ ഇന്ന് സമാപിക്കും.