വിലക്കയറ്റം: ഒറ്റക്കറി സദ്യ കഴിച്ച് സതീശൻ
തിരുവനന്തപുരം:സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഒറ്റക്കറി സദ്യ കഴിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യവെയാണ്, അവർ ഒരുക്കിയ സാമ്പാർ മാത്രം കറിയായുള്ള സദ്യ അദ്ദേഹം കഴിച്ചത്.
മാലിന്യ സംസ്കരണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുക, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.സംസ്ഥാനത്തെ ഹോട്ടൽ- റസ്റ്റോറന്റ് മേഖല പൂർണമായും തകർന്ന അവസ്ഥയിലാണെന്നും,രൂക്ഷമായ വിലക്കയറ്റത്തിൽ തൊഴിലാളികൾ ഉൾപ്പെടെ ദുരിതത്തിലാണെന്നും സതീശൻ പറഞ്ഞു..
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.മധുസൂദനൻ നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എസ്. സജീവ്‌കുമാർ, ഭാരവാഹികളായ എ.മുഹമ്മദ് നിസ്സാം, ജി. സുധീഷ്കുമാർ, എ.കെ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വി ജയകുമാർ, സെക്രട്ടറി വി. വീരഭദ്രൻ, എ.രാധാകൃഷ്‌ണൻ,ജില്ലാ പ്രസിഡന്റ് വി.സുനുകുമാർ എന്നിവർ പങ്കെടുത്തു.