മുഖ്യമന്ത്രി രാജി വയ്ക്കണം: സണ്ണി ജോസഫ്

Thursday 21 August 2025 1:46 AM IST

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിയിലെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ സത്യപ്രതിജ്ഞാലംഘനമാണ്. ഇരുവരെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്ത ഇടപെടൽ നടത്തിയെന്ന കോടതി പരാമർശം അതീവഗൗരവമുള്ളതാണ്.

ഒരു മുഖ്യമന്ത്രിക്കുമെതിരെ ഇതുവരെ ഉണ്ടാകാത്ത പരാമർശമാണിത്. അധികാര ദുർവിനിയോഗം നടത്താനുണ്ടായ സാഹചര്യം വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കോൺഗ്രസ് കടക്കും. നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോക്ക് ലഭിച്ച പരാതി ചോർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ ആഭ്യന്തര വിഷയമാണ്.

എന്നാൽ, സർക്കാർ പദ്ധതിയുടെ തുക വകമാറ്റി ചെലവാക്കിയെന്നത് ഗുരുതരമായ കുറ്റമാണ്.

പലഭാഗത്തും സി.പി.എം ക്രിമിനലുകൾ പൊലീസിന്റെ ഒത്താശയോടെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപനമില്ലാതെ വ്യാപകമായി അക്രമിക്കുകയാണ്.

29 മുതൽ ഭവന സന്ദർശനം

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 29മുതൽ സെപ്റ്രംബർ രണ്ടുവരെ ഭവനസന്ദർശനം നടത്തും. തിരഞ്ഞെടുപ്പ് ചെലവിലേക്കുള്ള ഫണ്ട് സമാഹരണവും നടത്തും. പാർട്ടി പുനഃസംഘടനയ്ക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. അത് വഴിയേ നടക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.