പുന്നമടപ്പൂരത്തിന് ഇനി 10 നാൾ
ആലപ്പുഴ : 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് പത്തുനാൾ മാത്രം ശേഷിക്കുമ്പോൾ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു. വള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. ഇന്നലെ വരെ 21ചുണ്ടൻ ഉൾപ്പടെ 70 വള്ളങ്ങൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തു. വള്ളങ്ങളുടെ എണ്ണത്തിൽ മുന്നേറ്റം പ്രകടമാണ്. കഴിഞ്ഞ വർഷം 19 ചുണ്ടനുകളാണ് പങ്കെടുത്തത്.
സ്ത്രീകൾ തുഴയുന്ന തെക്കനോടി വിഭാഗത്തിൽ ഒരു വള്ളം മാത്രമാണ് പേര് നൽകിയിട്ടുള്ളത്. മുൻ വർഷം ഏഴ് ടീമുകൾ പങ്കെടുത്തിരുന്നു. ബോണസ് ഉൾപ്പടെ കൃത്യ സമയത്ത് ലഭിക്കാത്തതാണ് വള്ളങ്ങളെ പിന്നോട്ട് വലിക്കുന്നതെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. അതിനാൽ, ഇപ്രാവശ്യം മത്സരം കഴിഞ്ഞ് പരമാവധി ഒരാഴ്ച്ചയ്ക്കുള്ളിൽ ബോണസും, സമ്മാനത്തുകയും വിതരണം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സ്പോൺസർഷിപ്പ് ലക്ഷ്യം വെച്ചാണ് സംഘാടകസമിതി പ്രവർത്തിക്കുന്നത്. ഒരു കോടി രൂപയുടെ ടിക്കറ്റ് വിൽപ്പനയാണ് ലക്ഷ്യം. . രണ്ട് കോടി രൂപയുടെ സ്പോൺസർഷിപ്പാണ് പ്രതീക്ഷിക്കുന്നത്. മത്സരം കാണാൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർക്ക് പുറമേ, കേന്ദ്ര കാബിനറ്റ് മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ക്രിക്കറ്റ് താരം സഞ്ജു സാംസൺ, സുപ്രീം കോടതി ജസ്റ്റീസ് അടക്കമുള്ളവർ അതിഥികളായി എതതിയേക്കും. കുമരകം ബോട്ട് ക്ലബ്ബ് തുഴയുന്ന പായിപ്പാടൻ ചുണ്ടനും, നിരണം ബോട്ട് ക്ലബ്ബ് തുഴയുന്ന നിരണം ചുണ്ടനും ഇന്നലെ ട്രാക്ക് എൻട്രി നടത്തി.
ക്യാപ്റ്റൻസ് ക്ലിനിക് നാളെ
ജലോത്സവത്തിന്റെ ഭാഗമായുള്ള ക്യാപ്റ്റൻസ് ക്ലിനിക് വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് വൈ.എം. സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യും. ക്ലിനിക്കിൽ എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിംഗ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്ത വരുടെ ബോണസ്സിൽ 50 ശതമാനം കുറവ് വരുത്തും.
വഞ്ചിപ്പാട്ട് രജിസ്ട്രേഷൻ നാളെ വരെ
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിന് ഇനിയും രജിസ്റ്റർ ചെയ്യാത്ത ടീം അംഗങ്ങൾ ആലപ്പുഴ, മിനി സിവിൽസ്റ്റേഷൻ്റെ രണ്ടാം നിലയിലുള്ള എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യണം.നാളെ വരെയാണ് രജിസ്ട്രേഷൻ. ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽകാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ ഫോം ശനിയാഴ്‌ചയ്ക്ക് മുമ്പ് എത്തിക്കണം ഫോം എത്തിക്കാത്ത ക്ലബ്ബുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
ഫേസ് പെയിന്റിംഗ് മത്സരം ഇന്ന്
നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫേസ് പെയിന്റിംഗ് മത്സരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് ആലപ്പുഴ ബീച്ചിന്റെ തെക്കുവശത്തുള്ള കാറ്റാടി മരങ്ങൾക്കിടയിലെ സീ ലൗഞ്ച് നൈറ്റ് സ്ട്രീറ്റിലാണ് മത്സരം. കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് ഒറ്റ വിഭാഗത്തിലാണ് മത്സരം. രണ്ട് അംഗങ്ങളുള്ള ടീമുകൾക്ക് പങ്കെടുക്കാം. ആലപ്പുഴയും നെഹ്റുട്രോഫി വള്ളംകളിയും തീമിലുള്ള ഫേസ് പെയിന്റിംഗ് ആണ് തയ്യാറാക്കേണ്ടത്. ഒഒന്നര മണിക്കൂറാണ് മത്സര സമയം. പെയിന്റ്, ബ്രഷ്, മറ്റുപകരണങ്ങൾ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരണം. വിജയിക്ക് സ്വർണ്ണനാണയം സമ്മാനമായി ലഭിക്കും. 9074594578 എന്ന വാട്സാപ്പ് നമ്പർ വഴി രജിസ്റ്റർ ചെയ്യാം.