കെ.എസ്.ആർ.ടി.സി ബസിൽ ഫ്ലാഷ്ബാക്ക് യാത്ര യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ മോഹൻലാലിന്റെ ഡബിൾ ബെൽ
തിരുവനന്തപുരം: 'കോളേജ് കാലം. ഞാൻ ചെങ്കള്ളൂരിൽ നിന്ന് ബസിൽ കയറും. അതേബസിൽ പൂജപ്പുരയിൽ നിന്നും മോഹൻലാലും. ഞാൻ യൂണിവേഴ്സിറ്റി കോളേജിലും ലാൽ എം.ജി കോളേജിലുമാണ് പഠിക്കുന്നത്. അതുവഴി ആ സമയത്ത് ഒരു ബസേ ഉള്ളൂ. ബസിൽ മൂന്ന് ഗ്യാംഗാണ്. യൂണിവേഴ്സിറ്റി ഗ്യാംഗ്,എം.ജി ഗ്യാംഗ്,മാർ ഇവാനിയോസ് ഗ്യാംഗ്...'നഗരത്തിലൂടെയുള്ള ഡബിൾ ഡക്കർ ബസ് യാത്രയ്ക്കിടെ ഫ്ളാഷ്ബാക്ക് സീനുകൾ അവതരിപ്പിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
കഥ കേൾക്കാൻ അടുത്ത സീറ്റുകളിൽ മന്ത്രി കെ.ബി.ഗണേശ്‌കുമാറും നടന്മാരായ മണിയൻപിള്ള രാജുവും നന്ദുവുമുണ്ട്. 'എന്തെങ്കിലുമൊക്കെ കശപിശ ബസിൽ ഈ ഗ്യാംഗിലുള്ളവർ തമ്മിൽ പതിവാണ്. രാവിലെ യൂണിവേഴ്സിറ്റി കോളേജിലുള്ളവർ ആദ്യമിറങ്ങും. വൈകിട്ട് ഇതേ ബസിൽ കയറാനായി ഞങ്ങൾ ബസ് സ്റ്റോപ്പിൽ നിൽക്കും. ബസ് സ്റ്റോപ്പിലെത്താറാകുമ്പോൾ ലാൽ അകത്തുനിന്ന് ഡബിൾ ബെല്ലടിക്കും. ബസ് നിറുത്തില്ലെന്നാകുമ്പോൾ ഞങ്ങൾ ചാടിക്കയറാൻ നോക്കും, തടയാനായി അവന്മാർ ഫുട്ബോർഡിൽ നിറഞ്ഞുനിൽക്കും...' പ്രിയദർശൻ ഓർമ്മിച്ചു.
കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ മുതൽ ആരംഭിക്കുന്ന എക്സ്‌പോയുടെ വിളംബരമായിട്ടാണ് ചങ്ങാതിമാർ നഗരയാത്ര നടത്തിയത്. ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ച് പെൺകുട്ടികൾ കണ്ടുനിൽക്കെ ഒരു ബസ് കണ്ടക്ടർ തന്റെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ട അനുഭവമാണ് മണിയൻപിള്ള രാജു പങ്കുവച്ചത്. ' ബസ് യാത്രയിൽ കാമുകീകാമുകന്മാർ ഹാപ്പിയാണ്. ടിക്കറ്റെടുത്ത് കയറും, അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യും - രാജു പറഞ്ഞു.
സ്ഥിരം ബസിൽ യാത്ര ചെയ്യുമ്പോൾ സൗഹൃദവും പ്രണയവും ഒക്കെയുണ്ടാകുമെന്ന് പ്രിയദർശൻ. ഇങ്ങനെ സ്ഥിരം യാത്രക്കാരിയെ പ്രണയിച്ചാണ് നടൻ മധുപാൽ വിവാഹം കഴിച്ചതെന്ന് ഗണേശ്‌കുമാർ കൂട്ടിച്ചേർത്തു. കുട്ടിക്കാലത്ത് തിരുവനന്തപുരം നഗരത്തിൽ വരുമ്പോൾ പച്ചനിറത്തിലുള്ള ബസുണ്ടായിരുന്നുവെന്നും അത് പഴയ രൂപത്തിൽ പുനരവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 'ബസ് ഗ്രീനെന്നാണ് ആ നിറത്തിന്റെ പേര്' - പ്രിയദർശൻ പറഞ്ഞു. കവടിയാർ സ്‌ക്വയറിൽ നിന്ന് പുറപ്പെട്ട 'ഓർമ്മ എക്‌സ്‌പ്രസ്' നിയമസഭയ്ക്ക് മുന്നിൽ അവസാനിച്ചു.