ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് സർക്കാരിനെ വരുതിയിലാക്കാനോ?

Thursday 21 August 2025 1:02 AM IST

ന്യൂഡൽഹി: നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ ഗവർണർമാർ അടയിരിക്കുന്നത് സർക്കാരുകളെ വരുതിയിലാക്കാനല്ലേ എന്ന സംശയമുന്നയിച്ച് സുപ്രീംകോടതി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച്.

വിയോജിപ്പുണ്ടെങ്കിൽ സർക്കാരിലേയ്ക്ക് തിരിച്ചയയ്ക്കാതെ ബില്ലുകൾ അനന്തമായി പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക് കഴിയുമോയെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഭരണഘടന ഗവർണർക്ക് വിവേചനാധികാരം നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

സാങ്കേതികമായി ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഗവ‌ർണർ പോസ്റ്റുമാനല്ലെന്നും കേന്ദ്രത്തെയും രാഷ്ട്രപതിയെയും പ്രതിനിധീകരിക്കുന്ന പദവിയാണെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ഭരണഘടനയെ ആർക്കും വ്യാഖ്യാനം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. കേസിൽ ഇന്നും വാദം തുടരും.

'ഗവർണറുടെ ഓഫീസ്

അഭയകേന്ദ്രമല്ല'

ഗവർണറുടെ ഓഫീസിന് പരിരക്ഷയുണ്ടെന്നും റിട്ടയേർഡ് രാഷ്ട്രീയക്കാരുടെ അഭയകേന്ദ്രമല്ലെന്നും സോളിസിറ്റ‌ർ ജനറൽ. ഗവർണറുടെ ആവശ്യകതയെ കുറിച്ച് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി വിശദമായ ചർച്ച നടത്തിയിരുന്നു

ഭരണഘടനാ ശില്പികളുടെ പ്രതീക്ഷകൾ ഫലവത്തായോ എന്ന് സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലെയും ഗവ‌ർണർമാർ വിവേചനാധികാരം പ്രയോഗിക്കുന്നത് കാരണം കേസുകൾ പെരുകുന്നു

അനുച്ഛേദം 356:

ആദ്യം കേരളത്തിൽ

രാഷ്ട്രപതിയുടെ റഫറൻസ് സംബന്ധിച്ച വാദത്തിനിടെ, രാഷ്ട്രപതി ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം 356നേയും സോളിസിറ്റ‌ർ ജനറൽ സൂചിപ്പിച്ചു. ഈ വ്യവസ്ഥ ആദ്യം പ്രയോഗിച്ചത് കേരളത്തിലാണെന്ന് ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.