മുലപ്പാലിനായി കരഞ്ഞ കൈക്കുഞ്ഞിന് സാന്ത്വനമായി ആർ.പി.എഫുകാരി
കഴക്കൂട്ടം: അമ്മ പരീക്ഷ എഴുതുന്നു, ഹാളിന് പുറത്ത് മുലപ്പാലിനായി കുഞ്ഞിന്റെ കരച്ചിൽ. കണ്ടുനിൽക്കാനാകാതെ ആർ.പി.എഫിലെ വനിതാ കോൺസ്റ്റബിൾ പാർവതി കുഞ്ഞിന് മുലപ്പാൽ നൽകി ആശ്വസിപ്പിച്ചു. ഇന്നലെ രാവിലെ നഗരൂർ രാജധാനി എൻജിനിയറിംഗ് കോളേജിലായിരുന്നു സംഭവം.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയെഴുതാനാണ് പേട്ട സ്വദേശിയായ അഞ്ജന എസ്.കൃഷ്ണ,ഭർത്താവ് നിധിനും രണ്ടുമാസം പ്രായമായ കുഞ്ഞിനുമൊപ്പമെത്തിയത്. പുറത്ത് നിൽക്കുമ്പോഴാണ് നിധിന്റെ കൈയിലിരുന്ന കുഞ്ഞ് നിറുത്താതെ കരഞ്ഞത്. സമാധാനിപ്പിക്കാൻ നിധിൻ നടത്തിയ ശ്രമങ്ങൾ ഫലംകണ്ടില്ല. പരീക്ഷ കഴിയാതെ അഞ്ജനയ്ക്ക് ഹാളിൽ നിന്ന് പുറത്തിറങ്ങാനും കഴിയില്ല.
കരച്ചിൽ കേട്ട് ഹാളിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെ ആർ.പി.എഫ് വനിതാ കോൺസ്റ്റബിൾ പാർവതി ഓടിയെത്തി കുഞ്ഞിനെയെടുത്ത് മുലപ്പാൽ നൽകുകയായിരുന്നു. ഇതോടെ കുഞ്ഞ് കരച്ചിൽ നിറുത്തി. സംഭവമറിഞ്ഞ ഉദ്യോഗസ്ഥർ പാർവതിയെ അഭിനന്ദിച്ചു.