നവരാത്രി ആഘോഷം: പദ്മനാഭപുരത്ത് ഉടവാൾ കൈമാറ്റം സെപ്തംബർ 20ന്
തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിഗ്രഹ ഘോഷയാത്ര 19ന് ശുചീന്ദ്രത്തു നിന്നും 20ന് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും ആരംഭിക്കും. 20ന് ഉടവാൾ കൈമാറ്റത്തിന് ശേഷമാണ് വിഗ്രഹഘോഷയാത്ര.
22ന് വിഗ്രഹങ്ങൾ തലസ്ഥാനത്തെത്തുന്നതോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകും. പദ്മനാഭപുരം തേവാരക്കെട്ട് സരസ്വതി വിഗ്രഹം കോട്ടയ്‌ക്കകത്തെ നവരാത്രി മണ്ഡപത്തിൽ രാവിലെ പൂജയ്‌ക്കിരുത്തും. വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും ശുചീന്ദ്രം മൂന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലുമാണ് പൂജയ്‌ക്കിരുത്തുന്നത്. ആര്യശാല ക്ഷേത്രത്തിന് മുന്നിൽ വലതുവശത്തായി കുമാരസ്വാമിയുടെ വെള്ളിക്കുതിരയെ കുടിയിരുത്തും. നവരാത്രി മണ്ഡപത്തിൽ 9 ദിവസവും വൈകിട്ട് 6.30ന് സംഗീതക്കച്ചേരികൾ അരങ്ങേറും.
കുട്ടികൾക്കായി ചിത്രരചനാ മത്സരം
തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 23 മുതൽ ഒക്ടോബർ ഒന്നുവരെ 7 വയസു മുതൽ 15 വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് പ്രൈസും മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. രജിസ്ട്രേഷന്: 0471 2493157, 8075723157.