'സിറ്റിംഗ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്', പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം

Wednesday 20 August 2025 11:14 PM IST

കോഴിക്കോട്: സിറ്റിങ് എം.പിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ വി.എം. സുധീരന്‍. കോഴിക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറ മത്സരിക്കട്ടെ. നല്ലൊരു യുവ നേതൃത്വം കേരളത്തിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ചിലപ്പോള്‍ എം.പിമാര്‍ മത്സരിക്കേണ്ടിവരും. ഗ്രൂപ്പിനതീതമായി തിരഞ്ഞെടുപ്പിനെ നേരിടണം. ഗ്രൂപ്പിസത്തിന്റെ കെടുതികള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്നും വി.എം. സുധീരന്‍ പറഞ്ഞു.

2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ സിറ്റിംഗ് എംപിമാര്‍ ഉള്‍പ്പെടെയുള്ള കരുത്തന്‍മാര്‍ രംഗത്തിറങ്ങണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, എംകെ രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുള്ളവരാണ്.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്നാണ് പാര്‍ട്ടി തീരുമാനം. ഈഴവ വിഭാഗത്തില്‍ നിന്ന് മറ്റ് നേതാക്കളുടെ അസാന്നിദ്ധ്യമുള്ളതിനാല്‍ അടൂര്‍ പ്രകാശിന് മാത്രമായിരിക്കും ഇളവ് ലഭിക്കുകയെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു.

ഷാഫി പറമ്പില്‍ പാലക്കാട് എംഎല്‍എ ആയിരിക്കെയാണ് വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് മത്സരിച്ചത്. എന്നാല്‍ കേരളത്തിലേക്ക് മടങ്ങിയെത്താനും പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ആണ് ഷാഫിയുടെ താത്പര്യം. എന്നാല്‍ അതിനോട് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് താത്പര്യമില്ല.