ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം:മോഷ്ടാവിനെ തിരിച്ചറിഞ്ഞു

Thursday 21 August 2025 1:29 AM IST

തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലിനു സമീപം പ്രവർത്തിക്കുന്ന ജയിൽ വകുപ്പിന്റെ കഫറ്റീരിയിൽ നിന്നും പണം കവർച്ച ചെയ്ത മോഷ്ടാവിനെ തിരിച്ചറിഞ്ഞു.എന്നാൽ ഇത് സ്ഥിരീകരിക്കണമെങ്കിൽ ഇന്ന് അവസാനവട്ട തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യും.സംശയമുള്ള 10 പേരുടെ പട്ടിക തയ്യാറാക്കിയതിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്ന ആളിലേക്ക് എത്തിയത്.ജയിൽ ജീവനക്കാർ, താത്കാലിക ജീവനക്കാർ എന്നിവരുടെ ഫോൺരേഖകളടക്കം പരിശോധിച്ചു. ആദ്യം 4.5 ലക്ഷം കാണാനില്ലെന്നാണ് പ്രാഥമിക പരാതി നൽകിയത്.എന്നാൽ ഇതിൽ പിശക് പറ്റിയെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു.3 മുതൽ 3.5 ലക്ഷം രൂപയേ കാണുള്ളൂവെന്നാണ് നിലവിൽ കണക്കുകൾ പരിശോധിച്ച് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.കൃത്യമായി പണം വയ്ക്കുന്ന സേഫിന്റെ താക്കോലിരിക്കുന്ന സ്ഥലം അറിയാവുന്ന ,ആൾ.സി.സി.ടിവി കേടായ വിവരത്തെ പറ്റി അറിവുള്ള ആൾ എന്നിവർക്ക് മാത്രമേ കൃത്യമായി മോഷണം നടത്താൻ സാധിക്കൂ.ഇത് കൂടാതെ ട്രഷറിയിൽ പണം അടയ്ക്കാൻ വൈകിയതിലെ ദുരൂഹതയും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്.ഇത് സംബന്ധിച്ച് പൊലീസിന് പുറമേ ജയിൽ വകുപ്പിന്റെ അന്വേഷണവുമുണ്ടാകും. ഞായറാഴ്ച രാത്രി മോഷണം നടന്നതായാണ് നിഗമനം.