ദുരിതയാത്രയ്ക്ക് പുന്തുണയില്ല... ടോളിൽ സർക്കാർ മൗനം ചർച്ചയാക്കാൻ പ്രതിപക്ഷം 

Thursday 21 August 2025 12:40 AM IST

തൃശൂർ: ദേശീയപാതയിലെ ദുരിത യാത്രയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിന് പിന്തുണ കൊടുക്കാതെ മൗനം പാലിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ ദുരൂഹത. ടോൾ ഒഴിവാക്കിയതിനെതിരെ സുപ്രീംകോടതിയിൽ തടസ ഹർജിയിൽ വാദം നടക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഹാജരാകാതിരുന്നതാണ് ചർച്ചയാകുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും വഴിയിൽ കുരുങ്ങി ദുരിതത്തിൽപ്പെടുന്നത്. ഇതിനെതിരെ സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കിയാണ് ചിലർ ഹൈക്കോടതിയെ സമീപിച്ചത്. ടോൾ താൽക്കാലികമായി നിറുത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടപ്പോഴും സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് അത് പിൻവലിക്കേണ്ടി വന്നതെന്ന് ആരോപണം ഉയർന്നിരുന്നു. സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ഹൈക്കോടതിയിൽ വന്ന പരാതിക്കാർ ഇവിടെയെത്തില്ലെന്ന ധാരണ തെറ്റി. സംസ്ഥാന സർക്കാർ അനങ്ങാതെ നിന്നപ്പോഴും അഡ്വ.ഷാജി കോടങ്കണ്ടത്ത് പരമോന്നത കോടതിയിൽ തടസ ഹർജി നൽകിയതോടെയാണ് ദേശീയപാത അതോറിറ്റിക്ക് മുട്ടുമടക്കേണ്ടി വന്നത്. സംസ്ഥാന സർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

മൗനം വ്യക്തമെന്ന് ജനപ്രതിനിധികൾ

ദേശീയപാതയിലെ കുരുക്കിന് പരിഹാരം കാണേണ്ടത് എം.പിമാരും എം.എൽ.എയുമാണെന്ന നിലപാടാണ് ചാലക്കുടിയിലെ സി.പി.എമ്മിനുള്ളത്. എന്നാൽ കുരുക്കിനും ടോളിനുമെതിരേ കോടതിയിൽ പോയപ്പോൾ പോലും സംസ്ഥാന സർക്കാർ മൗനം പാലിച്ചതിന് പിന്നിൽ ദേശീയപാത അതോറിറ്റിയെ സഹായിക്കാനാണെന്നാണ് ജനപ്രതിനിധികളുടെ മറുപടി. മുമ്പ് ടോളിനെതിരെ സമരം നടത്തിയ ബി.ജെ.പി ഭരണത്തിൽ വന്നതോടെ ഷെഡ്ഡും പൊളിച്ച് സമരം നിറുത്തി പോയി. ഇപ്പോൾ വൻകുരുക്ക് ഉണ്ടായിട്ടു പോലും ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാൻ ദേശീയപാത അതോറിറ്റിയെ നിലയ്ക്ക് നിർത്താനോ നിർദ്ദേശം കൊടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് എല്ലാവർക്കും അറിയാമെന്ന് ബെന്നി ബെഹനാൻ എം.പിയും സനീഷ് ജോസഫ് എം.എൽ.എയും വ്യക്തമാക്കി. ജനകീയ പ്രശ്‌നങ്ങളില്ലെങ്കിലും ഭരണം നടത്തുന്നവർ രംഗത്തു വന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കപ്പെടുകയെന്നും ഇവർ വ്യക്തമാക്കി.

മൗനം ദുരൂഹം: യൂത്ത് കോൺഗ്രസ്

തൃശൂർ: ദേശീയപാത അതോറിറ്റി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ മൗനം സംശയാസ്പദമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ്. രണ്ടുതവണ കേസ് സുപ്രീം കോടതിയിൽ വാദത്തിനെടുത്തപ്പോഴും സംസ്ഥാന സർക്കാർ അഭിഭാഷകൻ ഹാജരായില്ല. സ്റ്റാൻഡിംഗ് കൗൺസിലർമാർ ഹാജരാകാതിരുന്നത് കമ്പനിയെ സഹായിക്കാനാണെന്നും ജനീഷ് പറഞ്ഞു.

11 ബ്ലാക്ക് സ്‌പോട്ടുകളിൽ അടിപ്പാത, മേൽപ്പാലം നിർമ്മാണം പി.എസ്.ടി കമ്പനിയാണ് നടത്തുന്നത്. 383 കോടി രൂപയുടെ കരാർ ഏറ്റെടുത്ത് 2024 മാർച്ചിൽ തുടങ്ങിയ നിർമ്മാണത്തിന്റെ 21 ശതമാനം മാത്രമാണ് പൂർത്തിയായത്. ഡിസംബറിൽ പൂർത്തിയാക്കേണ്ട പദ്ധതി അടുത്ത മേയിൽ മാത്രമേ കഴിയൂവെന്നാണ് ദേശീയപാതാ അതോറിറ്റി പറയുന്നത്. 510 കോടിയായി ചെലവ് വർദ്ധിക്കുമെന്നും പറയുന്നു. തമിഴ്‌നാട് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിച്ച പി.എസ്.ടിയുടെ നിർമ്മാണത്തിലും അപാകതയുണ്ട്. സാമ്പത്തിക താത്പര്യം കൊണ്ടാണ് മന്ത്രി കെ. രാജനും ഇടത് എം.എൽ.എമാരും ജനകീയ ആവശ്യങ്ങളോട് മുഖംതിരിക്കുന്നതെന്ന് സംശയിക്കുന്നതായും ജനീഷ് പറഞ്ഞു.