ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; പ്രതി സ്ഥിരം കുറ്റവാളി

Thursday 21 August 2025 12:28 AM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച സാക്രിയ രാജേഷ് ഭായ് ഖിംജിപ്രതി സ്ഥിരം കുറ്റവാളിയാണെന്നും അഞ്ചു ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി. കത്തി ഉപയോഗിച്ച് ആക്രമിച്ചത് അടക്കം രണ്ടും,എക്‌സൈസ് നിയമപ്രകാരം മൂന്നു കേസുകളിലും പ്രതിയാണ്. ആക്രമണത്തിനും രണ്ടുദിവസം മുൻപ് ഇയാൾ ഡൽഹിയിലെത്തി. മേഖലയിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തിയപ്പോൾ പൊലീസ് പരിശോധനയുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ആയുധം സൂക്ഷിച്ചിരുന്നില്ല. കൈയിൽ വസ്ത്രങ്ങൾ അടങ്ങിയ ബാഗുണ്ടായിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ,ഡൽഹി പൊലീസിലെ സ്‌പെഷ്യൽ സെൽ എന്നിവയുടെ സഹകരണത്തോടെ സംയുക്ത അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

തകർക്കാൻ

കഴിയില്ല

തന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ തടയാനുള്ള ഭീരുത്വ ശ്രമമായിരുന്നുവെന്നും ഇത്തരം ആക്രമണങ്ങൾ കൊണ്ട് തന്റെ നിശ്ചയദാർഢ്യം തകർക്കാൻ കഴിയില്ലെന്നും രേഖാ ഗുപ്ത എക്സ് അക്കൗണ്ടിൽ പ്രതികരിച്ചു. ആക്രമണത്തിന്റെ ഞെട്ടലിലായിരുന്നു. വെറുമൊരു ആക്രമണമായിരുന്നില്ല. ആരോഗ്യം മെച്ചപ്പെട്ട ശേഷം തിരികെ ജനങ്ങളിലേക്ക് വരും.

ആംആദ്മിക്ക് പഴി

അക്രമത്തിന് പിന്നിൽ ആംആദ്മിക്ക് പങ്കുണ്ടെന്ന് ബി.ജെ.പി എം.എൽ.എ ഹരീഷ് ഖുറാന ആരോപിച്ചു. ആംആദ്മിയുടെ ഗുജറാത്ത് എം.എൽ.എ ഗോപാൽ ഇറ്റാലിയക്കൊപ്പം പ്രതി നിൽക്കുന്ന മട്ടിലുള്ള ചിത്രം ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. എന്നാൽ എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജചിത്രമെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. ആക്രമണത്തെ ആംആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും പ്രതിപക്ഷ നേതാവ് അതിഷിയും അപലപിച്ചു. പ്രതിക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.