കനത്തമഴ: നാലാം ദിവസവും മുംബയ് സ്തംഭിച്ചു

Thursday 21 August 2025 12:30 AM IST

മുംബയ്: തുടർച്ചയായ നാലാം ദിവസവും കനത്തമഴ മുംബയ് ജനതയെ വലച്ചു. കാലാവസ്ഥാ വകുപ്പ് താനെ, പാൽഘർ, റായ്ഗഡ്, രത്‌നഗിരി എന്നീ ജില്ലകൾക്ക് ഇന്ന് റെഡ് അലേർട്ടും പുറപ്പെടുവിച്ചു. നിരവധി പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.

വ്യോമഗതാഗത്തെ ഇന്നലെയും മഴ ബാധിച്ചു. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. ലോക്കൽ ട്രെയിൻ സർവീസുകളും റദ്ദാക്കി. അതേസമയം,ചർച്ച്ഗേറ്റ്-ഡഹാനു റോഡ് സെക്ഷനിൽ സബർബൻ സർവീസുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു. ട്രെയിനുകൾ 20-25 മിനിറ്റ് വൈകിയാണ് ഓടുന്നത്.

ഇന്നലെ മുംബയിൽ മാത്രം 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. അതേസമയം, മഹാരാഷ്ട്ര ദുരന്ത നിവാരണ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മഴയിലും വെള്ളപ്പൊക്കത്തിലും ആറ് പേർ മരിച്ചു. അതേസമയം,പൂനെയിലെയും പരിസര പ്രദേശങ്ങളിലെയും പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ ഘട്ട് പ്രദേശങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം നാളെ മുതൽ മഴയ്ക്ക് കുറയുമെന്നും അധികൃതർ അറിയിച്ചു. വൈദ്യുതി നിലച്ചതിനാൽ രണ്ട് മോണോറെയിൽ ട്രെയിനുകൾ സ്റ്റേഷനുകൾക്കിടയിൽ കുടുങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 782 യാത്രക്കാരെ രക്ഷപ്പെടുത്തി.

തരങ്ങളുടെ വീടുകളും

കനത്ത മഴയെ തുടർന്ന് മുംബയിലെ താരങ്ങളുടെ വീടുകളും വെള്ളത്തിനടിയിലായി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, അജയ് ദേവ്ഗൺ, യാഷ് ചോപ്ര എന്നിവരുടെ ആഢംബര വീടുകളിൽ വെള്ളം കയറിയതിന്റെ വീഡിയോ സാഗർ താക്കൂർ എന്ന വ്‌ളോഗർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

മുംബയ്: 2,310.8 മില്ലിമീറ്റർ

താനെ: 187 മില്ലിമീറ്റർ

(കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ മഴ)