ലോക്‌സഭയിൽ കടലാസേറ്, വാക്ക്‌പോര് കയ്യാങ്കളി, വനിതാ എം.പിമാരെ ഉപദ്രവിച്ചെന്ന് പ്രതിപക്ഷം, കടലാസിനുള്ളിൽ കല്ലുമായി വന്നെന്ന് ബി.ജെ.പി

Thursday 21 August 2025 12:38 AM IST

ന്യൂഡൽഹി: ജയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ വ്യവസ്ഥയുള്ള ബില്ലുകളുടെ അവതരണത്തിനെതിരായ പ്രതിഷേധം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളിയിൽ കലാശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചപ്പോൾ കടലാസ് കീറിയെറിഞ്ഞും മൈക്ക് തട്ടിയും തടസപ്പെടുത്താൻ ശ്രമിച്ച തൃണമൂൽ അംഗങ്ങളെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും തടഞ്ഞതാണ് കയ്യാങ്കളിയിലെത്തിയത്.

ആദ്യം തൃണമൂൽ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി ബഹളം വച്ചെങ്കിലും മറ്റ് പ്രതിപക്ഷാംഗങ്ങൾ അവർക്കൊപ്പം ചേർന്നില്ല. പ്രതിപക്ഷത്ത് കെ.സി. വേണുഗോപാലും എൻ.കെ.പ്രേമചന്ദ്രനും ബില്ലിനെ എതിർത്ത് സംസാരിച്ചത് തടസപ്പെടുത്താൻ തൃണമൂൽ എം.പി കല്യാൺ ബാനർജി ശ്രമിച്ചു. തുടർന്ന് വേണുഗോപാലിന്റെ പ്രസംഗ ശേഷമാണ് മറ്റ് അംഗങ്ങളും നടുത്തളത്തിലിറങ്ങി പ്രതിഷേധത്തിൽ പങ്കുചേർന്നത്. ബില്ലിന്റെ പകർപ്പുകൾ സ്‌പീക്കറുടെ ചെയറിന് നേരെ കീറിയെറിഞ്ഞു.

ഇതനിടെ ഷാ പ്രസംഗിക്കവെ തൃണമൂൽ അംഗങ്ങൾ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു. മഹുവ മൊയ്‌ത്ര കടലാസ് കീറി മന്ത്രിയുടെ നേരെയെറിഞ്ഞു. കല്യാൺ ബാനർജി മൈക്ക് തട്ടിമാറ്റാനും ശ്രമിച്ചു. ഇതോടെ മന്ത്രിമാരും ബി.ജെ.പി എം.പിമാരും കുതിച്ചെത്തി. മന്ത്രി കിരൺ റിജിജു മുന്നിലെത്തി ഷായ്‌ക്ക് മറ തീർത്തു. കേന്ദ്രമന്ത്രി റവ്‌നീത് സിംഗ് ബിട്ടു തൃണമൂൽ അംഗങ്ങളെ പ്രതിരോധിച്ചു. തുടർന്ന് ഭരണ-പ്രതിപക്ഷ എം.പിമാർ തമ്മിൽ ഉന്തും തള്ളും വാക്ക്‌പോരും നടന്നു.

ഇതിനിടെ,സ്‌പീക്കർ സഭ മൂന്നുമണി വരെ നിറുത്തുകയായിരുന്നു. സഭ നിറുത്തിവച്ചിട്ടും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തർക്കം അവസാനിച്ചില്ല. മന്ത്രി നവ്‌നീത് കൈപിടിച്ച് തിരിച്ചെന്നും റിജിജു ആക്രമിച്ചെന്നും തൃണമൂൽ എം.പി മിതാലി ബാഗ് ആരോപിച്ചു. കല്യാൺ ബാനർജി അടക്കമുള്ള എം.പിമാർ കടലാസിനുള്ളിൽ പൊതിഞ്ഞ കല്ലുമായാണ് വന്നതെന്ന് ബി.ജെ.പിയുടെ പ്രത്യാരോപണം. ഇരുകൂട്ടരും സ്‌പീക്കർക്ക് പരാതി നൽകി. മൂന്നുമണിക്ക് സഭ വീണ്ടും ചേർന്നപ്പോൾ ഷാ മുൻനിരയിലെ ഇരിപ്പിടം വിട്ട് മൂന്നാം നിരയിലേക്ക് മാറിയാണ് ബില്ലിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രതിപക്ഷ നീക്കം ചെറുക്കാൻ മാർഷൽമാരെയും വിന്ന്യസിച്ചു. സഭാ നടപടി തുടങ്ങിയതോടെ പ്രതിപക്ഷം ഒന്നിച്ച് നടുത്തളത്തിലിറങ്ങി. മുൻകരുതലെന്ന നിലയിൽ തടയാൻ ചെന്ന മാർഷൽമാരെ സ്‌പീക്കർ പിന്തിരിപ്പിച്ചു.