ഡൽഹി സ്കൂളുൾക്ക് നേരെ ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. അമ്പതിലധികം സ്കൂൾക്ക് നേരെ ഇമെയിൽ വഴിയാണ് ഇന്നലെ രാവിലെ വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഈ ആഴ്ചയിൽ ഇത് രണ്ടാമത്തെ തവണയാണ് രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ദ്വാരകയിലെ രാഹുൽ മോഡൽ സ്‌കൂൾ, മാക്സ്‌ഫോർട്ട് സ്‌കൂൾ, മാളവ്യ നഗറിലെ എസ്.കെ.വി, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂൾ എന്നിവ ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിൽ ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും ബോംബ് സ്‌ക്വാഡും സ്‌കൂളുകളിൽ എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇക്കഴിഞ്ഞ 18നാണ് അവസാനമായി ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്. ഡൽഹി പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ, ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അന്ന് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ-മെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്.