മമതയ്‌ക്ക് തിരിച്ചടി, അദ്ധ്യാപക നിയമനം: റദ്ദാക്കിയതിൽ പുനഃപരിശോധനയില്ല
Thursday 21 August 2025 12:47 AM IST
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ജോലിക്ക് കോഴ ആരോപണമുയർന്ന 24,000ത്തിൽപ്പരം അദ്ധ്യാപക - അദ്ധ്യാപകേതര നിയമനങ്ങൾ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന മമത സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിശദമായ വാദം കേട്ട്,വസ്‌തുതാപരവും നിയമപരവുമായ എല്ലാ വശങ്ങളും പരിശോധിച്ചായിരുന്നു കഴിഞ്ഞ ഏപ്രിൽ മൂന്നിലെ വിധിയെന്ന് കോടതി പറഞ്ഞു. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ പവിത്ര നിലനിറുത്താനായിരുന്നു നടപടി. റിക്രൂട്ട്മെന്റ് പ്രക്രിയ ക്രമക്കേടുകളിൽ നിന്ന് മുക്തമായിരിക്കണമെന്ന് ജസ്റ്റിസ് പി.വി. സഞ്ജീവ് കുമാർ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2016ലെ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷൻ റിക്രൂട്ട്മെന്റ് മുഖേന നിയമനം നേടിയവർക്ക് വൻ തിരിച്ചടിയാണിത്. നിയമനങ്ങൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി നടപടിയാണ് സുപ്രീംകോടതി കഴിഞ്ഞ ഏപ്രിലിൽ ശരിവച്ചത്.