എണ്ണ വിതരണം തുടരും, ഇന്ത്യയ്ക്കായി വിപണി തുറക്കും: റഷ്യ

Thursday 21 August 2025 6:44 AM IST

ന്യൂഡൽഹി: ആഗോളതലത്തിലെ വ്യാപാര സമ്മർദ്ദങ്ങൾക്കും ഉപരോധങ്ങൾക്കുമിടയിലും ഇന്ത്യയ്ക്ക് 5 ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി ഇവ്‌ജെനി ഗ്രീവയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഡെപ്യൂട്ടി റഷ്യൻ അംബാസഡർ റോമൻ ബബുഷ്‌കിനൊപ്പം ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചർച്ചകൾക്ക് വിധേയമായി കയറ്റുമതിക്കുള്ള റഷ്യൻ ഉറാൽ ക്രൂഡിന് മൂന്ന് ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നതായും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സമീപ വർഷങ്ങളിൽ ഏകദേശം ഏഴ് മടങ്ങ് വർദ്ധിച്ചിട്ടുണ്ടെന്നും റഷ്യ ഇന്ത്യയ്ക്ക് പ്രതിവർഷം ഏകദേശം 250 ദശലക്ഷം ടൺ എണ്ണ വിതരണം ചെയ്യുന്നുണ്ടെന്നും റോമൻ ബബുഷ്‌കിൻ പറഞ്ഞു.

ഐ.ഒ.സിയും ബി.പി.സി.എലും സെപ്തംബർ- ഒക്ടോബർ മാസത്തേയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനായി വീണ്ടും കരാർ നൽകി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവ ഭീഷണികൾ ആവർത്തിക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തിയത്.

25 ശതമാനം പകരച്ചുങ്കത്തിന് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ഇറക്കുമതി തീരുവ കൂടി യു.എസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്നു. ഇത് ഇനിയും ഉയർത്തുമെന്നും ഭീഷണിയുണ്ട്. പകരച്ചുങ്കം ഈ മാസം 7ന് പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ റഷ്യൻ എണ്ണയുടെ പേരിലെ തീരുവ 27നാണ് പ്രാബല്യത്തിൽ വരിക.

റഷ്യൻ വിപണിയിലേക്ക് സ്വാഗതം

' തീരുവ തർക്കത്തെ തുടർന്ന് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ് വിപണിയിലേക്ക് പ്രവേശിക്കാൻ തടസമുണ്ടെങ്കിൽ, റഷ്യ സഹായിക്കുമെന്നും ബബുഷ്‌കിൻ പറഞ്ഞു. റഷ്യൻ വിപണിയിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് സ്വാഗതം. ആശങ്കപ്പെടേണ്ട കാര്യമില്ല. ഇന്ത്യ നേരിടുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ കുറിച്ച് അറിയാമെന്നും ഇരുരാജ്യങ്ങൾക്കുമിടയിൽ യഥാർത്ഥ തന്ത്രപരമായ പങ്കാളിത്തമാണെന്നും അദ്ദേഹം പറഞ്ഞു.