'ഒരു നടന്റെ  മകനോ  മകളോ സിനിമയിൽ  അഭിനയിക്കണമെന്ന് നിയമമൊന്നുമില്ല, അത്  അവരുടെ  ഇഷ്ടമാണ്'; മോഹൻലാൽ

Thursday 21 August 2025 8:36 AM IST

മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ മോഹൻലാൽ. ഒരു സിനിമയിൽ അഭിനയിക്കണമെന്ന് വിസ്മയ ഇങ്ങോട്ട് വന്ന് പറയുകയായിരുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. ഒരു നടന്റെ മകൻ അല്ലെങ്കിൽ മകൾ അഭിനയിക്കണമെന്ന് നിയമമൊന്നുമില്ല. അത് അവരുടെ ഇഷ്ടമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

'വിസ്മയ എന്നോട് ഒരു സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. സ്കൂളിൽ അഭിനയിച്ചിട്ടുള്ള ആളാണ് വിസ്മയ. ഒരു പക്ഷേ പ്രണവ് അഭിനയിച്ചത് കണ്ടിട്ടായിരിക്കാം. താൻ സിനിമ ചെയ്യാൻ തയ്യാറാണെന്ന് പറഞ്ഞു. ജൂഡ് ആന്തണി ജോസഫിന്റെ ഒരു കഥ കേട്ടു. അത് വിസ്മയയ്ക്ക് വളരെ ചേരുന്നതായി തോന്നി. അങ്ങനെയാണ് അത് ചെയ്യാമെന്ന് കരുതിയത്. പ്രണവും അങ്ങനെയായിരുന്നു. അവന് സിനിമയോട് വലിയ താൽപര്യമില്ലായിരുന്നു. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് ചോദിച്ചതാണ്. ഒരു നടന്റെ മകൻ അല്ലെങ്കിൽ മകൾ അഭിനയിക്കണമെന്ന് നിയമമൊന്നുമില്ല. അത് അവരുടെ ഇഷ്ടമാണ്. അവരുടെ ഇഷ്ടം പറഞ്ഞപ്പോൾ അത് ചെയ്തുകൊടുത്തുവെന്ന ഉള്ളൂ. അല്ലാതെ നാളെ മോഹൻലാലിന്റെ മകളാണ് എന്ന് പറഞ്ഞാൽ സിനിമ കിട്ടില്ല. നല്ലപോലെ അഭിനയിച്ചാൽ ആളുകൾ സ്വീകരിക്കും'- മോഹൻലാൽ പറഞ്ഞു.

ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. മഹാപ്രളയം ചിത്രീകരിച്ച 2018 എന്ന സിനിമയ്‌ക്കു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 'തുടക്ക'ത്തിൽ വില്ലനുണ്ട്. നായകനില്ല. ചിത്രരചന, കവിതാരചന, അഭിനയം എന്നിവയിൽ തത്പരയായ വിസ്‌മയ, 'ബറോസ്' ഉൾപ്പെടെ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. 'ഗ്രെയിൻസ് ഒഫ് സ്‌റ്റാർഡസ്‌റ്റ്' എന്ന ഇംഗ്ളീഷ് കവിതാസമാഹാരവും 'നക്ഷത്രധൂളികൾ' എന്ന മലയാള വിവർത്തനവും പ്രസിദ്ധീകരിച്ചു. ഊട്ടിയിലെ ഹെബ്രോൺ സ്‌കൂളിലാണ് പഠിച്ചത്. കർണാടകയിലെ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. പഠനകാലത്ത് ഗ്രഹണം എന്ന ഹ്രസ്വചിത്രത്തിൽ സംവിധാന സഹായിയായി. ഫിലിം ഫെസ്‌റ്റുകളിലും പങ്കെടുക്കാറുണ്ട്. തായ്‌ലൻഡിൽ നിന്ന് മുവായ് തായ് ആയോധനകലയിൽ പരിശീലനവും നേടിയിട്ടുണ്ട്.